kannur local

കെഎസ്ടിപി റോഡ് വികസനം: ഇരിട്ടി ടൗണിലെ സര്‍വേ പൂര്‍ത്തിയായി

ഇരിട്ടി: തലശേരി-വളവുപാറ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റം കണ്ടെത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായി. ടൗണിലെ പഴയ ഓവുചാലുകള്‍ പൊളിച്ചുനീക്കി വീതികൂട്ടുന്നതിന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സര്‍വേ. ഇരിട്ടി പുതിയപാലം മുതല്‍ പയഞ്ചേരി വരെ നടത്തിയ സര്‍വേയില്‍ റവന്യൂഭൂമി വ്യാപകമായി കൈയേറിയതായി
കണ്ടെത്തി. ടൗണ്‍ വികസനത്തിനായി ഉപയോഗിക്കേണ്ട സ്ഥലം കെട്ടിടങ്ങള്‍ നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇരിട്ടി താലൂക്ക് ഹെഡ് സര്‍വേയറുടെ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങളോടെയായിരുന്നു സര്‍വേ.
കൈയേറിയ ഭാഗം ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തി. പയഞ്ചേരി മുതല്‍ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ കൈയേറ്റം കണ്ടെത്തി. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും പൊളിക്കേണ്ട അവസ്ഥയാണ്. നിലവിലുള്ള രീതിയില്‍ ടൗണ്‍ വികസിപ്പിച്ചാല്‍ മതിയെന്നാണ് വ്യാപാര സംഘടനകളുടെ ആവശ്യം. എന്നാല്‍, 25 വര്‍ഷത്തോളം പഴക്കമുള്ള ഓവുചാലുകള്‍ നിലനിര്‍ത്തി ടൗണ്‍ നവീകരിക്കുന്നത് ഫലപ്രദമല്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കെഎസ്ടിപിയുടെയും താലൂക്ക് സര്‍വേ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചത്.
കൈയേറ്റഭാഗങ്ങള്‍ മുഴുവനും അടയാളപ്പെടുത്തിയതായും വ്യാപാരികള്‍ ടൗണ്‍ വികസനവുമായി സഹകരിച്ച് സ്വമേധയാ പൊളിച്ചുനീക്കാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും തഹസില്‍ദാര്‍ പറഞ്ഞു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ലക്മണന്‍, ഹെഡ് സര്‍വേയര്‍ മുഹമ്മദ് ഷരീഫ്, സര്‍വേയര്‍മാരായ വി കെ സുരേഷ്, എന്‍ ജില്‍സ്, വി ആര്‍ ഷിഹാബുദ്ദീന്‍, കെഎസ്ടിപി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ വി സതീശന്‍, കരാര്‍ കമ്പനി പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ് എന്നിവര്‍ സര്‍വേ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it