kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാക്കും



കാഞ്ഞങ്ങാട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് നിര്‍മാണം അടുത്തമാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2015ന് ശേഷം അഞ്ച് തവണ പണിപൂര്‍ത്തിയാക്കാനുള്ള കാലാവധി ആര്‍ഡിഎസ് കമ്പനിക്ക് മാറ്റി നല്‍കുകയായിരുന്നു. കെഎസ്ടിപിയില്‍ നിന്നും കരാര്‍ ഏറ്റെടുത്ത ഇ ജിസ് കമ്പനിയാണ് ആര്‍ഡിഎസിന് നിര്‍മാണ ചുമതല കരാര്‍ നല്‍കിയത്. കമ്പനിക്ക് പത്ത് കോടിരൂപ നല്‍കാനുണ്ടെന്നാണ് ആര്‍ഡിഎസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് അനുസരിച്ച് ഓരോ പ്രവൃത്തിയുടെയും ബില്ലുകള്‍ യഥാസമയം നല്‍കുന്നുണ്ടെന്നാണ് കെഎസ്ടിപി വ്യക്തമാക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ 2.7 കോടി രൂപ ആര്‍ഡിഎസിന് കൈമാറിയതായി കെഎസ്ടിപി പറയുന്നുണ്ട്.  കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് വരെയുള്ള 27.78 കിലോമീറ്റര്‍ റോഡ് 131 കോടി രൂപ ചെലവില്‍ നവീകരിക്കാനാണ് കെഎസ്ടിപി പദ്ധതി ഏറ്റെടുത്തത്. റോഡ് നിര്‍മാണം ഏകദേശം പൂര്‍ത്തിയായെങ്കിലും കാഞ്ഞങ്ങാട് നഗരത്തിലെ 1.8 കിലോമീറ്ററിന്റെ നിര്‍മാണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നഗരത്തില്‍ റോഡ് നിര്‍മാണം ആരംഭിക്കുമ്പോള്‍ റോഡ് കിളച്ച് മാറ്റി സോളിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ട് റോഡ് പണി നിര്‍ത്തിവെക്കുകയായിരുന്നു. അതുകൊണ്ട് നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനം ഒരു വര്‍ഷം നീണ്ടുപോവുകയായിരുന്നു. എന്നാല്‍ നഗരത്തിലെ റോഡ് ഉറപ്പുള്ളതാണെന്നും ഇവിടെ ടാറിങ് പൂര്‍ണമായും മാറ്റേണ്ടതില്ലെന്ന് മണ്ണ് പരിശോധനയില്‍ തെളിഞ്ഞതായി കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ പറഞ്ഞു. എന്നാല്‍ നഗരത്തില്‍ റോഡ് നിര്‍മിക്കുന്നതിന് മുമ്പായി അനുബന്ധ റോഡുകള്‍ ടാര്‍ ചെയ്ത് നല്‍കണമെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. അനുബന്ധ റോഡുകള്‍ ഗതാഗതമാക്കേണ്ടത് കെഎസ്ടിപിയുടെ ഉത്തരവാദിത്വമല്ലെന്നും ഇത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും കെഎസ്ടിപി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ തന്നെ ചില റോഡുകള്‍ അറ്റകുറ്റപണി നടത്തുന്നുണ്ട്. ഡിസംബറില്‍ ലോക ബാങ്ക് സംഘം റോഡ് പരിശോധനക്ക് എത്തുമെന്നതിനാല്‍ നവംബറിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇപ്പോള്‍ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കാലതാമസം വരുത്തുകയാണെങ്കില്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കി. റോഡിന്റെ ചില ഭാഗങ്ങളില്‍ ഡ്രൈനേജ് നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും റോഡില്‍ സ്ഥല സൂചിക സ്ഥാപിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും ഉടന്‍ പൂര്‍ത്തീകരിക്കും.
Next Story

RELATED STORIES

Share it