kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍  അഴിമതിക്ക് നീക്കം; നാട്ടുകാര്‍ പണി തടഞ്ഞു

കാസര്‍കോട്: ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജങ്ഷന്‍ വരെയുള്ള കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു.
ചന്ദ്രഗിരിപ്പാലം വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ച ശേഷമായിരുന്നു റോഡ് പണി ആരംഭിച്ചത്. ചെമനാട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റോഡ് കിളച്ച് മണ്ണെടുത്ത് അഞ്ച് പാളികളായി ഉറപ്പിച്ചാണ് ടാര്‍ ചെയ്തത്.
എന്നാല്‍ ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജങഷന്‍ വരെ നിലവിലുള്ള ടാറിങ് നീക്കാതെ മിനുക്ക് പണി ചെയ്യാനായിരുന്നു കെഎസ്ടിപി അധികൃതര്‍ ശ്രമിച്ചത്.
നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്തതോടെ തര്‍ക്കം ഉടലെടുത്തു. പിന്നീട് കെഎസ്ടിപി എന്‍ജിനിയര്‍മാരും സ്ഥലത്തെത്തി. ഉടമ്പടി പ്രകാരം തന്നെയാണ് ജോലികള്‍ നടക്കുന്നതെന്നും മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കൃത്രിമം നടത്തിയ അതേ രീതിയിലാണ് ഇവിടെയും ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ നിലവിലുള്ള റോഡിന് മുകളില്‍ മിനുക്ക് പണി നടത്താനുള്ള ശ്രമം നാട്ടുകാര്‍ നേരത്തെ തടഞ്ഞിരുന്നു. ഒടുവില്‍ സംഭവം വിവാദമായതോടെ കെഎസ്ടിപി അധികൃതര്‍ പിന്‍വാങ്ങി.
കോടികള്‍ ചെലവിട്ട് നടത്തുന്ന റോഡ് പണിയില്‍ പലയിടത്തും കൃത്രിമം നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it