kasaragod local

കെഎസ്ടിപി റോഡില്‍ അപകടം കുറയ്ക്കാനുള്ള നടപടികള്‍ ഒരുക്കണം: കലക്ടര്‍

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അപകടം കുറക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ കെഎസ്ടിപി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെഎസ്ടിപി റോഡ് പണി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
27 കിലോമീറ്ററാണ് കെഎസ്ടിപി റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായിട്ടുള്ളത്. ടാറിങ് പ്രവൃത്തി പൂര്‍ത്തിയായിട്ടുള്ള അഞ്ച് സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഉണ്ടായ 28 വാഹനാപകടങ്ങളില്‍ ആറ് പേരാണ് മരിച്ചത്. അതിനാല്‍ അപകടം കുറക്കാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഈ മാസം 30നകം ഉറപ്പ് വരുത്തണം.
കെഎസ്ടിപി റോഡിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡുകളില്‍ ഹംപുകള്‍ സ്ഥാപിക്കും, റോഡുകളുടെ വശങ്ങളില്‍ പെയിന്റിങ് നടത്തുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. 344 സ്ഥലങ്ങളിലാണ് കെഎസ്ടിപി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഈ ലൈറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിക്കണം. റോഡിന്റെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. അരികിലുള്ള വീടുകള്‍ക്ക് ഡ്രൈനേജ് സംവിധാനം മൂലം ദുരവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, ആര്‍ടിഒ പി എച്ച് സാദിഖലി, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബേക്കല്‍ പോലിസ് എഎസ്പി ആര്‍ ആദിത്യ, കെഎസ്ടിപി റോഡ് പ്രതിനിധികളായ സുശീല്‍ കുമാര്‍, കെ വി രഘുരാമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രപ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it