kannur local

കെഎസ്ടിപി: തലശ്ശേരി-മട്ടന്നൂര്‍ റോഡ് പ്രവൃത്തി ജനുവരിയില്‍

കണ്ണൂര്‍: കെഎസ്ടിപി പദ്ധതിയില്‍ തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള 30 കിലോമീറ്റര്‍ വരുന്ന ഒന്നാം റീച്ചിന്റെ പ്രവൃത്തി ജനവരിയിലും രണ്ടാം റീച്ച് പ്രവൃത്തി ഫെബ്രുവരിയിലും തുടങ്ങുമെന്ന് അധികൃതര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എയാണ് ഇക്കാര്യം ഉന്നയിച്ചത്. പുതിയ മൊയ്തു പാലത്തിന്റെ പ്രവൃത്തി ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തില്‍ പുരോഗമിക്കുകയാണ്. മമ്പറം പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കലിന് നടപടി സ്വീകരിക്കണമെന്ന് കെ കെ നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മേലൂര്‍-പാറപ്രം പാലം 5 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടില്ല. ഇക്കാര്യത്തിലും അടിയന്തിര നടപടി വേണം. തലശ്ശേരി-അഞ്ചരക്കണ്ടി റോഡ് ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചൂളക്കടവ് പാലത്തിന്റെ ബോറിങ് പ്രവൃത്തി പൂര്‍ത്തിയായതായും റിപോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ രൂപരേഖ തയ്യാറാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് ജില്ലാ വികസനസമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദേശിച്ചു. ഫെബ്രവരി 28നകം ഭരണാനുമതിയും സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കണം. എങ്കിലേ ഈ സാമ്പത്തികവര്‍ഷം പ്രവൃത്തികള്‍ നടപ്പിലാക്കാനാവുകയുള്ളൂ.
നേരത്തേയുള്ള പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തിയാകാത്തവയുടെ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ നല്‍കി നടപടികള്‍ കൈക്കൊള്ളണം. വരള്‍ച്ചാ ദുരിതാശ്വാസം, എംഎല്‍എ/എംപി പ്രാദേശിക വികസനനിധി എന്നിവയിലുള്ള റോഡ് പ്രവൃത്തികള്‍ നീളുന്നത് ഒഴിവാക്കണം. അതിന്റെ പേരില്‍ ഫണ്ട് നഷ്ടമാവുന്ന സ്ഥിതി ഉണ്ടാവരുതെന്നും കലക്ടര്‍ പറഞ്ഞു.
കാട്ടാനശല്യം തടയുന്നത് സംബന്ധിച്ച് ജില്ലയിലെ വനമേഖലയിലെ ഗ്രാമപ്പഞ്ചായത്തുകളുടെ യോഗം വിളിക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി. വൈദ്യുതിവേലി നിര്‍മിക്കുന്നതും പരിപാലിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു യോഗം ചേരുക. വടക്കേക്കളം മിച്ചഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്നു കലക്ടര്‍ അറിയിച്ചു. കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണലിലെ 14000 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ തഹസില്‍ദാര്‍മാര്‍ക്ക് വീതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജില്ലയിലെ വിവിധ വകുപ്പുകളുടെ നവംബര്‍ വരെയുള്ള പദ്ധതി ഫണ്ട് വിനിയോഗം 73.89 ശതമാനമാണെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല അറിയിച്ചു. പദ്ധതി തുക വിനിയോഗം വേഗത്തിലാക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. യോഗത്തില്‍ അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ മുഹമ്മദ് അസ്‌ലം, ഡെപ്യൂട്ടി കലക്ടര്‍(എല്‍ആര്‍) വി പി മുരളീധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it