Kottayam Local

കെഎസ്ഇബി വര്‍ക്കര്‍ തസ്തികയില്‍ നിയമനമില്ല

ഈരാറ്റുപേട്ട: കെഎസ്ഇബി ബോര്‍ഡില്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമന നിരോധനമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. 2011 നവംബറില്‍ പിഎസ്‌സി നടത്തിയ കെഎസ്ഇബി വര്‍ക്കര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് കാലാവധി അവസാനിക്കാറായിട്ടും നിയമനം നടത്തുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ മറ്റ് ജോലിക്ക് അപേക്ഷിക്കാന്‍ പോലും യോഗ്യരല്ലാത്തവര്‍ ആണെന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.
അപേക്ഷകരില്‍ ഭൂരിഭാഗവും പ്രായപരിധി കഴിയാറായവരുമാണ്. 1996-97ല്‍ വര്‍ഷത്തില്‍ സംസ്ഥാനത്ത് 50 ലക്ഷം ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബിയില്‍ 28,000 ജീവനക്കാര്‍ ഉണ്ടായിരുന്നു.
എന്നാല്‍ 2015 ആയപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 1.15 കോടി ആയി വര്‍ധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള ജീവനക്കാരുടെ മേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണ്.
ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാവുന്നില്ല.. സംസ്ഥാനത്ത് ആകെ 7130 വര്‍ക്കര്‍മാരുടെ ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തത് കാലാവധി അവസാനിക്കാന്‍ കേവലം 10 മാസം അവശേഷിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിയാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ജില്ലയില്‍ പിഎസ്‌സി ലിസ്റ്റില്‍ രണ്ടര വര്‍ഷം മുമ്പ് 896 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 57 പേരെ മാത്രമാണ് നിയമിച്ചത്. നിലവിലുള്ളവര്‍ക്കു പ്രമോഷന്‍ വൈകുന്നത് മൂലമാണ് വര്‍ക്കര്‍മാര്‍ക്കു പുതിയ നിയമനം നടത്താത്തത്. നിലവിലുള്ള വര്‍ക്കര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കണമെന്നും പുതിയ സെക്ഷനുകള്‍ക്ക് അനുമതി നല്‍കി വര്‍ക്കര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് മുഖ്യമന്ത്രിക്കു നിരവധി തവണ നിവേദനം നല്‍കി. ഇക്കഴിഞ്ഞ തിരുവേണ നാളില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ഉപവാസം നടത്തുകയും ചെയ്തിരുന്നു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ വന്‍ തുക കോഴ വാങ്ങി പിന്‍വാതില്‍ നിയമനം നടത്തുക എന്ന രഹസ്യ അജണ്ടയാണ് നിയമന നടപടി വൈകിപ്പിക്കുന്നതിനു പിന്നിലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ പറയുന്നു.
വിവിധ സെക്ഷന്‍ ഓഫിസുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തണനെന്നും അല്ലാത്ത പക്ഷം യോജിച്ച പ്രക്ഷോത്തിനു റാങ്ക് ഹോള്‍ഡേഴ്‌സ് രംഗത്തിറങ്ങുമെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it