ernakulam local

കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റിയില്ല; കലുങ്ക് നിര്‍മാണം സ്തംഭിച്ചു

വൈപ്പിന്‍: ലൈറ്റ്ഹൗസ് റോഡിന്റെ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി സൗത്ത് പുതുവൈപ്പില്‍ ആരംഭിച്ച കലുങ്ക് നിര്‍മാണം സ്തംഭിച്ചു. കെഎസ്ഇബിയുടെ രണ്ട് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തതിനാലാണ് നിര്‍മാണം ഇടയ്ക്കു നിന്നത്.
കലുങ്കിന്റെ അപ്രോച്ച് നിര്‍മിക്കണമെങ്കില്‍ തോടിന്റെ ഇരുകരയിലെയും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണം. ഇതിനായി ബോര്‍ഡില്‍ പണം കെട്ടിവെച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് നീക്കാന്‍ കെഎസ്ഇബി കാലതാമസം വരുത്തുകയാണ്.
കാന നിര്‍മാണത്തിനായി തോടിന്റെ ഇരുവശവും കെട്ടിയതിനാല്‍ ഈ വഴിയുള്ള വെള്ളമൊഴുക്ക് ഒരു മാസമായി നിലച്ചിരിക്കുകയാണ്. ഇത് തോടിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. തോടില്‍ ഒഴുക്കില്ലാതെ വന്നതിനാല്‍ മാലിന്യം അടിഞ്ഞ് മണം പടരുകയാണ്.
എത്രയും പെട്ടെന്ന് കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയാലേ തോട് തുറന്നുകൊടുക്കാനാവൂ എന്നാണ് കോണ്‍ട്രാക്ടര്‍ പറയുന്നത്. ലൈറ്റ്ഹൗസ് റോഡില്‍ ഇതിനകം ആറ് കലുങ്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഏഴാമത്തേതായിരുന്നു സൗത്ത് പുതുവൈപ്പിലേത്. ഇത് നിലച്ചതിനാല്‍ സെന്റ്. സെബാസ്റ്റിയന്‍ ചര്‍ച്ചിനടുത്തുള്ള എട്ടാമത്തെ കലുങ്കിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണെന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it