malappuram local

കെഎസ്ഇബി അധികൃതര്‍ ലൈന്‍ മാറ്റുന്നത് ദുരിതമാവുന്നു

കോട്ടക്കല്‍: സ്വകാര്യ വ്യക്തിയുടെ താല്‍പര്യത്തിന് വഴങ്ങി കെഎസ്ഇബി അധികൃതര്‍ ലൈന്‍മാറ്റുന്നത് ദുരിതമാവുന്നു. എടരിക്കോട് 110 കെവി സബ് സ്‌റ്റേഷനില്‍ നിന്നു പോവുന്ന കല്‍പ്പകഞ്ചേരി ഫീഡര്‍ ലൈനാണ് എടരിക്കോട് കെഎസ്ഇബി അധികൃതര്‍ സ്വകാര്യ വെക്തിയുടെ താല്‍പര്യത്തിനായി മാറ്റുന്നത്. വീട് നിര്‍മാണത്തിന് എന്ന് പറഞ്ഞ് മാറ്റുന്ന ലൈന്‍ പരിസരത്തെ വീടുകള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മാറ്റുന്നത്. നിലവിലെ ലൈനുകള്‍ കാരണം ഇപ്പോഴും രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.
അപേക്ഷ നല്‍കിയെങ്കിലും ലൈനിന്റെ കാരണം കാണിച്ച് വൈദ്യുതി കണക്ഷന്‍ തരുന്നതിന് കെഎസ്ഇബി തടസം നില്‍ക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു ലൈനും കൂടി കൊണ്ട് വന്ന് ബുദ്ധിമുട്ടിക്കുന്നത്. വീടിന് രണ്ട് വശവും വലിയ ലൈനുകളാണുള്ളത്. സ്വകാര്യ വ്യക്തിയുടെ താല്‍പര്യത്തിന് വഴങ്ങി കെ എസ് ഇ ബി അധികൃതര്‍ ലൈന്‍ വലിക്കുന്നതോടെ വീടിന് ചുറ്റും വൈദ്യുതി ലൈനുകളായി തീരും. ഇതനുവദിക്കരുതെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഇത് പാലിക്കുന്നില്ല.
നിലവിലെ ലൈന്‍ വൈഎസ്‌സി റോഡിലെ ലൈനിലേക്ക് മാറ്റിയാല്‍ എല്ലാവര്‍ക്കും ഉപകാരമാവുമെങ്കിലും കെഎസ്ഇബി അധികൃതരും കരാറുകാരനും അതിന് മുതിരാത്തതില്‍ ദുരൂഹതയുണ്ട്. വൈഎസ്‌സി റോഡിലൂടെ രണ്ട്മാസം മുമ്പാണ് പുതിയ ലൈന്‍ വലിച്ചത്. കെഎസ്ഇബി സബ് സ്റ്റേഷന്‍ വളപ്പില്‍ നിന്നു ഇതിലേക്ക് നേരിട്ട് ലൈന്‍ കൊടുക്കാന്‍ യതൊരു തടസ്സവുമില്ല. നിലവിലെ ലൈന്‍ ഇതിലേക്ക് മാറ്റികൊടുത്താല്‍ തന്നെ പരിസരത്തെ എല്ലാവര്‍ക്കും ഉപകരിക്കും. കേവലം നൂറ് മീറ്റര്‍ അകലം മാത്രമാണ് കെഎസ്ഇബി സബ് സ്റ്റേഷനും ലൈനും തമ്മിലുള്ളത്. പക്ഷേ അധികൃതര്‍ പണം മോഹിച്ച് ഇതിന് വഴങ്ങാതിരിക്കുകയാണെന്നാണ് ആക്ഷേപം.
കേവലം അഞ്ച് മീറ്ററും, മൂന്ന് മീറ്ററും അടുത്തടുത്തായി രണ്ട് തൂണുകള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ ലൈന്‍ മാറ്റുന്നതിന് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ലൈന്‍ മാറ്റാന്‍ തുടങ്ങിയത് പരിസര വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയാണ്. തൂണുകള്‍ സ്ഥാപ്പിക്കാനായി കുഴി എടുക്കുകയും വൈദ്യുതി തൂണുകള്‍ ഇറക്കി വെക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ താല്‍പര്യത്തിന് വഴങ്ങി ലൈന്‍ മാറ്റുന്നത് നിര്‍ത്തി വയ്ക്കണമെന്നും പൊതു സ്ഥലത്തിലൂടെ ലൈന്‍ വലിച്ച് എല്ലാവര്‍ക്കും ഉപകാര മാവുന്ന തരത്തില്‍ മാറ്റിസ്ഥാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it