കെഎസ്ഇബിയിലും പെന്‍ഷന്‍ പ്രതിസന്ധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍. കടുത്ത സാമ്പത്തിക ഞെരുക്കമാണെന്നു കാട്ടി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ എസ് പിള്ള തൊഴിലാളി സംഘടനകള്‍ക്കു കത്തയച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ സാധിച്ചിട്ടില്ല. ദൈനംദിന വരുമാനത്തില്‍ നിന്നു പെന്‍ഷന്‍ കൊടുത്ത് മുന്നോട്ടുപോവാനാവില്ലെന്നും ചെയര്‍മാന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജനുവരി 30നാണ് എന്‍ എസ് പിള്ള ജീവനക്കാരുടെ സംഘടനയ്ക്കു കത്തയച്ചത്. 1877 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലൂടെയാണു കെഎസ്ഇബി കടന്നുപോവുന്നത്. ഈ പ്രതിസന്ധിയാണ് ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റുവിറ്റി ഫണ്ടിലേക്ക് ബോര്‍ഡിന്റെ വിഹിതം നല്‍കാന്‍ കഴിയാത്തതിനു കാരണമായി പറയുന്നത്. ദീര്‍ഘകാലമായി ദൈനംദിന വരുമാനത്തില്‍ നിന്നാണു വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇതു സാധ്യമല്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തവിട്ടിരുന്നു. ഇതനുസരിച്ചാണ് 2013ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാന്‍ മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ കെഎസ്ഇബിക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നാണു കരാറിലെ വ്യവസ്ഥ. എന്നാല്‍ അഞ്ചു വര്‍ഷമായി ഫണ്ടിലേക്ക് തുക മാറ്റിയിട്ടില്ല.പെന്‍ഷന്‍ ബോണ്ടുകളിറക്കി പലിശ ട്രസ്റ്റിലേക്ക് മാറ്റാനാണ് നിര്‍ദേശം. അതും നടപ്പായില്ല.  പെന്‍ഷന്‍ നല്‍കേണ്ടതു മാസ്റ്റര്‍ ട്രസ്റ്റില്‍ നിന്നു വേണമെന്നും മാസാമാസം ഇതിന്റെ കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഈ രീതിയില്‍ ഇതു വരെ മാസ്റ്റര്‍ ട്രസ്റ്റില്‍ തുകയൊന്നും എത്തിയിട്ടില്ല. 2013ലെ പെന്‍ഷന്‍ ബാധ്യത 12,418 കോടി രൂപയായിരുന്നു. ഇപ്പോഴത് 16,150 കോടിയായി വര്‍ധിച്ചു. ഈ വര്‍ഷത്തെ മാത്രം പെന്‍ഷന്‍ ബാധ്യത 1,208 കോടി രൂപയാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് തുക മാറ്റിയില്ലെങ്കില്‍ കെഎസ്ആര്‍ടിസിക്ക് സമാനമായ സാഹചര്യമാവും കെഎസ്ഇബിയും നേരിടേണ്ടി വരിക എന്നതാണു മുന്നറിയിപ്പ്. അതേസമയം, പെന്‍ഷന്‍ കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ബോര്‍ഡിന് കുറച്ച് കടബാധ്യതയുണ്ട്. എന്നാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഇല്ലാതാക്കാനോ, മറ്റ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനോ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.


Next Story

RELATED STORIES

Share it