കെഎസ്ഇബിക്ക് 2017ല്‍ പ്രവര്‍ത്തന നഷ്ടം 1652 കോടി

എസ്  ഷാജഹാന്‍
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതിനു മുമ്പുതന്നെ സംസ്ഥാനത്തെ വൈദ്യുതപദ്ധതികളുടെ ജലസംഭരണികളില്‍ 24 ശതമാനം വെള്ളം. പുറത്തുനിന്നു പരമാവധി വൈദ്യുതിയെത്തിച്ച് ആഭ്യന്തര ഉല്‍പാദനം കെഎസ്ഇബി നിയന്ത്രിച്ചതാണ് ഇതിനു കാരണം. ഇതോടുകൂടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 479.62 ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാനാവശ്യമായ അധികജലം സംഭരിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞു. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം 63.32 ദശലക്ഷം യൂനിറ്റായിരുന്നു. ഇതില്‍ ആഭ്യന്തര വൈദ്യുതോല്‍പാദനം 20.29 ദശലക്ഷം യൂനിറ്റും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിച്ചത് 43.03 ദശലക്ഷം യൂനിറ്റുമാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം സംഭരിക്കുന്നതിനുള്ള ശേഷിയാണു നിലവില്‍ കെഎസ്ഇബി പദ്ധതികള്‍ക്കുള്ളത്.  ജലവര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടുദിവസം ബാക്കിനില്‍ക്കെ സംസ്ഥാനത്തെ സംഭരണികളിലേക്ക് ഈ വര്‍ഷം ഒഴുകിയെത്തിയത് 5755.13 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.
പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബി ലിമിറ്റഡിന് സാമ്പത്തികപ്രതിസന്ധിക്കു കാരണമാവുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍, 2017ല്‍ കെഎസ്ഇബി ഉണ്ടാക്കിയ പ്രവര്‍ത്തനനഷ്ടം മാത്രം 1652 കോടി രൂപയാണ്. 500 മെഗാവാട്ട് കൂടി ഇവിടെ ഉല്‍പാദിപ്പിക്കാനായാല്‍ 1,440 കോടിയുടെ നഷ്ടം നികത്തിയെടുക്കാമെന്നാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നു പുറത്തുവരുന്ന കണക്കുകള്‍.
Next Story

RELATED STORIES

Share it