കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തില്‍ സിഎംഡി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കണ്ടക്ടറുടെ വേഷത്തിന് പിന്നാലെ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തില്‍ സിഎംഡി ടോമിന്‍ തച്ചങ്കരി. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയിലായി—രുന്നു പുതിയ ചുമതലയുമായി ടോമിന്‍ തച്ചങ്കരി എത്തിയത്. രാവിലെ എട്ടിനാണു സ്‌റ്റേഷന്‍ മാസ്റ്ററുടെ യൂനിഫോമില്‍ എംഡി തച്ചങ്കരി ഡിപ്പോയിലെത്തിയത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ സന്തോഷിനായിരുന്നു ഇന്നലെ ഡ്യൂട്ടി. സന്തോഷ് രാവിലെ ഡ്യൂട്ടിക്കെത്തിയെങ്കിലും മാനേജിങ് ഡയറക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററാവാനെത്തിയതോടെ സന്തോഷ് സഹായിയായി. ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ഹാജര്‍ബുക്ക് പരിശോധിച്ച തച്ചങ്കരി ജീവനക്കാരുടെ അവധിയും അപേക്ഷകളും പരിശോധിച്ചു. തുടര്‍ന്ന് ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോവേണ്ട സര്‍വീസുകളുടെ ഓപറേഷനായിരുന്നു അടുത്ത പണി. സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയവ ഒഴികെ ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ ഷെഡ്യൂളുകളെല്ലാം കൃത്യസമയത്ത് തന്നെ ഓപറേറ്റ് ചെയ്തു. ഇതിനിടെ ഷെഡ്യൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച് സിഎംഡിയോട് പരാതിപ്പെട്ട ജീവനക്കാരനെ ഉദ്യോഗസ്ഥര്‍ ശാസിച്ചതു വിവാദമായി.  ജീവനക്കാരുടെ പരാതികള്‍ക്കും ചെവികൊടുത്ത എംഡി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കി. സെന്‍ട്രല്‍ ഡിപ്പോയിലെ നിലവിലെ ഷെഡ്യൂളുകളുടെ ലാഭനഷ്ടങ്ങളും പോരായ്മകളും വിലയിരുത്തിയ തച്ചങ്കരി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുള്‍പ്പെടെ ജീവനക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. യാത്രക്കാരില്‍ ചിലര്‍ ബസ് സര്‍വീസുകളെപ്പറ്റിയുള്ള പരാതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോടികള്‍ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിലെ മുറികള്‍ വാടകയ്‌ക്കെടുത്തവരുമായും എംഡി കൂടിക്കാഴ്ച നടത്തി. ഡിപ്പോയിലെ പ്രശ്‌നങ്ങളും ജീവനക്കാരുടെ വിഷമങ്ങളുമൊക്കെ നേരിട്ടറിയാനായിരുന്നു വേഷപ്പകര്‍ച്ച. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പതിനെട്ടടവും പയറ്റുമെന്നായിരുന്നു കണ്ടക്ടറുടെ വേഷത്തിലെത്തിയപ്പോള്‍ തച്ചങ്കരി പറഞ്ഞത്.
Next Story

RELATED STORIES

Share it