കെഎസ്ആര്‍ടിസി: സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ജോലിയില്ല

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ തുടരുന്നു. മൂന്നു തസ്തികയിലുള്ള സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഡ്യൂട്ടി നല്‍കേണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പോ എന്‍ജിനീയര്‍മാര്‍ക്ക് ലഭിച്ചത്. ബ്ലാക്ക് സ്മിത്ത്, പെയിന്റര്‍, അപ്‌ഹോള്‍സ്റ്റര്‍ എന്നീ വിഭാഗങ്ങളിലുള്ള സിഎല്‍ആര്‍ ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി ഒഴിവാക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ പുതിയ ഉത്തരവ് 2321 താല്‍ക്കാലിക ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവി ല്‍ കെഎസ്ആര്‍ടിസി ഭൂരിഭാഗം ബസ്സുകളുടെയും ബോഡി നിര്‍മാണത്തിനു പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഇതുമൂലം നിലവില്‍ ബോഡി നിര്‍മാണ യൂനിറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. ഇതോടെയാണ് സിഎല്‍ആര്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി ഒഴിവാക്കുന്നത്.
3000ഓളം പേരാണു ബസ് ബോഡി നിര്‍മാണ യൂനിറ്റുകളില്‍ ജോലിചെയ്യുന്നത്. ഇവ കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണു പുറംകരാര്‍ നല്‍കിയത്. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശവും തിരിച്ചടിയായി.
പൂനെയിലെ സെന്‍ട്രല്‍ ഇ ന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരമുള്ളവ ര്‍ക്ക് മാത്രമേ ബസ് ബോഡി നി ര്‍മാണം പാടുള്ളൂവെന്ന കേന്ദ്രത്തിന്റെ നിബന്ധന വന്നത് കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിച്ചിരുന്നു. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പിനും കോട്ടയത്തെ സ്വകാര്യ വര്‍ക്‌ഷോപ്പിനും മാത്രമേ നിലവില്‍ ബോഡി നിര്‍മാണത്തിന് അംഗീകാരമുള്ളൂ. പുതിയ നിബന്ധന വന്നതോടെ കെഎസ്ആര്‍ടിസിയുടെ കോഴിക്കോട്ടും എടപ്പാളുമടക്കമുള്ള വര്‍ക്‌ഷോപ്പുകളിലെ ബോഡി നിര്‍മാണം നിര്‍ത്തിവച്ചു. ഇത് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ കോര്‍പറേഷനു കീഴിലുള്ള വര്‍ക്‌ഷോപ്പുകളില്‍ ബോഡി നിര്‍മിക്കാനുള്ള അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.
അനുമതി ലഭിച്ചാല്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കും. ഇതിനുപുറമേ സ്വകാര്യ ബസ്സുകളുടെ ബോഡി നിര്‍മാണവും കെഎസ്ആര്‍ടിസിക്ക് ഏറ്റെടുത്തു നടത്താം. കടത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസിക്ക് ഇത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. അതേസമയം, ജോലി നഷ്ടപ്പെടുന്ന എംപാനല്‍ ജീവനക്കാര്‍ക്ക് ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നല്‍കുമെന്നു നേരത്തേ എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചിരുന്നെങ്കിലും ഇതു നടപ്പായില്ല.

Next Story

RELATED STORIES

Share it