കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി; ആനുകൂല്യ ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത് 36.5 കോടി

പി പി ഷിയാസ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കുന്ന കെഎസ്ആര്‍ടിസി ആനുകൂല്യ ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത് 36.5 കോടി. ക്ഷാമബത്തയിനത്തില്‍ 28.52 കോടിയും (39ശതമാനം) നോണ്‍ ഡിപാര്‍ട്ട്‌മെന്റല്‍ റിക്കവറിയിനത്തില്‍ 8 കോടിയുമാണ് കുടിശ്ശിക. സാമ്പത്തിക പ്രതിസന്ധി മൂലം കെടിഡിഎഫ്‌സി, ഹഡ്‌കോ (ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍), എസ്ബിടി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് കോര്‍പറേഷന്‍ കടമെടുക്കുന്നത്. കെടിഡിഎഫ്‌സിയില്‍ നിന്ന് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയെടുത്ത 1300 കോടി കൂടിയ തവണയിലും കുറഞ്ഞ പലിശയിലും വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന തിരിച്ചടയ്ക്കാന്‍ കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.
എസ്ബിഐയുടെ നേതൃത്വത്തില്‍ 9 ബാങ്കുകളാണ് ഈ കണ്‍സോര്‍ഷ്യത്തില്‍ ഒപ്പിട്ടിരിക്കുന്നത്. എസ്ബിഐ-300 കോടി, എസ്ബിടി- 275 കോടി, വിജയാ ബാങ്ക്- 200 കോടി, കനറാ ബാങ്ക്- 100 കോടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്- 50 കോടി, കേരള ഗ്രാമീണ്‍ ബാങ്ക്- 75 കോടി അടക്കമുള്ള ബാങ്കുകളാണ് ഇതില്‍പ്പെടുന്നത്. 1300 കോടി വായ്പ 12 തവണയായി ഫ്‌ളോട്ടിങ് നിരക്കിലാണ് നല്‍കുന്നത്. ഇതിലെ 275 കോടി കൂടാതെ 100 കോടി കൂടി വായ്പ നല്‍കാമെന്ന് എസ്ബിടി ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, 39 ശതമാനം കുടിശ്ശികയുള്ള ക്ഷാമബത്ത 5 ഗഡുക്കളായേ നല്‍കാന്‍ കഴിയൂവെന്നാണ് മന്ത്രിയുടെ വാദം. ഇതില്‍ 10 ശതമാനം ഈ മാസത്തെ ശമ്പളത്തോടൊപ്പവും 10 ശതമാനം ഏപ്രിലും 7 ശതമാനം ജൂലൈയിലും 6 ശതമാനം വീതം സപ്തംബറിലും ഡിസംബറിലും നല്‍കാമെന്നാണ് ജീവനക്കാരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ 8 കോടിയോളം വരുന്ന നോണ്‍ ഡിപാര്‍ട്ട്‌മെന്റല്‍ റിക്കവറി കുടിശ്ശിക സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറയ്ക്ക് സമയബന്ധിതമായി നല്‍കാമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.
അതേസമയം, സാമഗ്രികള്‍ ഇല്ലാത്തത്തിനാല്‍ പുതുതായെത്തിയ ബസ്സുകളുടെ ചെയ്‌സുകള്‍ വിവിധ ഡിപ്പോകളില്‍ വെറുതെ കിടക്കുന്നതായും ആക്ഷേപമുണ്ട്. തിരുവനന്തപുരം, മാവേലിക്കര, കോഴിക്കോട് റീജ്യനല്‍ വര്‍ക്‌ഷോപ്പ്, ആലുവ എന്നിവിടങ്ങളിലാണ് 200ല്‍ താഴെ ചെയ്‌സുകള്‍ വെറുതെ കിടക്കുന്നത്. എന്നാല്‍ പുതുതായി 650 ബസ്സുകള്‍ നിരത്തിലിറങ്ങിയെന്ന് കെഎസ്ആര്‍ടിസി അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.
ഇതോടെ 6,026 ബസ്സുകളാണ് ആകെയുള്ളത്. പുതിയതെത്തുന്ന തോതില്‍ കാലാവധി കഴിഞ്ഞവ കണ്ടം ചെയ്യുന്നുമുണ്ട്. ഇങ്ങനെ 5 വര്‍ഷം കാലാവധിയുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ കണ്ടം ചെയ്ത് ഓര്‍ഡിനറികളാക്കി മാറ്റുന്നു. ഓര്‍ഡിനറികള്‍ 12 വര്‍ഷം കഴിയുമ്പോള്‍ ലേലം ചെയ്യുകയുമാണ് പതിവ്. കണ്‍സോര്‍ഷ്യം വായ്പ ഉള്ളതിനാല്‍ നിലവില്‍ 59 കോടിയാണ് നഷ്ടം.
Next Story

RELATED STORIES

Share it