കെഎസ്ആര്‍ടിസി: ശമ്പളത്തിനായുള്ള പണം ഉപയോഗിച്ച് ഇന്ധനം വാങ്ങും; ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

പത്തനംതിട്ട: ജീവനക്കാരുടെ ശമ്പളത്തിനുള്ള പണം ഉപയോഗിച്ച് ഇന്ധനം വാങ്ങി കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കാന്‍ ഓരോ ദിവസത്തേയും വരുമാനത്തില്‍ നിന്നു രണ്ടുകോടി രൂപ നീക്കിവയ്ക്കുന്ന പതിവുണ്ട്. അതില്‍ നിന്നു തല്‍ക്കാലം പണം കടമെടുത്താണ് ആവശ്യമുള്ള ഡീസല്‍ വാങ്ങാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കാലങ്ങളിലേതു പോലെ ഡീസല്‍ നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്നലെ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. പ്രളയത്തോടനുബന്ധിച്ചുണ്ടായ കടുത്ത നാശനഷ്ടങ്ങള്‍ക്ക് യാതൊരു സാമ്പത്തിക സഹായവും സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് എംഡി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്റെ വാഹനങ്ങള്‍ വിട്ടുനല്‍കിയതിന്റെ തുകയും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഒരു ദിവസത്തെ വരുമാനം കൊണ്ട് അടുത്ത ദിവസത്തെ ചെലവ് നടത്തുന്ന കെഎസ്ആര്‍ടിസിയെ ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിനിടെ, ഡീസല്‍ ക്ഷാമം മൂലം ട്രിപ്പുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്യേണ്ടിവന്നതിനാല്‍ യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഡീസല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് ഓണത്തിനു ശേഷം മിക്ക ജില്ലകളിലും വ്യാപകമായി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. എട്ടു ബസ്സുകള്‍ ഓടിയ റൂട്ടുകളില്‍ കേവലം ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. ഇതുവഴി കോടികളുടെ നഷ്ടമാണ് കോര്‍പറേഷന്‍ നേരിട്ടത്. മാത്രമല്ല, പ്രളയത്തെ തുടര്‍ന്ന് നിരവധി ബസ്സുകളും ഡിപ്പോകളും പൂര്‍ണമായി നശിക്കുകയും ചെയ്തു. ഒരു ബസ്സിന് ശരാശരി ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്. റാന്നി ഉള്‍പ്പെടെ പല ഡിപ്പോകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടുമില്ലെന്നും ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

Next Story

RELATED STORIES

Share it