malappuram local

കെഎസ്ആര്‍ടിസി രാത്രികാല സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍

മഞ്ചേരി: നിലമ്പൂര്‍-കോഴിക്കോട് റൂട്ടിലെ അഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കി. നിലവിലുണ്ടായിരുന്ന 21 സര്‍വീസുകളില്‍ 16 എണ്ണം മാത്രമാണിപ്പോള്‍ ഓടുന്നത്. രാത്രികാല സര്‍വീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതാണ് ഏറെ പരിതാപകരമായത്. രാത്രി എട്ടിനു ശേഷമുള്ള ട്രിപ്പുകളാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഓടാതിരിക്കുന്നത്. എട്ടിനും 10.30നുമിടയില്‍ നാലു ബസ്സുകളുണ്ടായിരുന്നത് രണ്ടാക്കി കുറച്ചിട്ടുണ്ട്.
ഇതില്‍ തന്നെ 8.40നെത്തേണ്ട ബസ് പലപ്പോഴും വൈകിയാണ് ഓടുന്നത്. ചില ദിവസങ്ങളില്‍ രണ്ട് ബസ്സുകള്‍ ഒരുമിച്ച് ആളില്ലാതെ ഓടുന്നതായും പരാതിയുണ്ട്. അതേസമയം, ഏതെങ്കിലും ദിവസം ഈ ബസ്സുകള്‍ കോഴിക്കോട് നിന്നു മഞ്ചേരിയില്‍ നേരത്തെ എത്തിയാല്‍ സമയം പാലിക്കാതെ പുറപ്പെടുന്നുമുണ്ട്. ഇതുമൂലം ബസ്സുകളുടെ സമയം കണക്കാക്കി മഞ്ചേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഓട്ടോകളെയും മറ്റും ആശ്രയിക്കേണ്ടി വരികയാണ്.
നിശ്ചിത സമയം പാലിക്കാത്തതിനാല്‍ ബസ്സിന്റെ സമയം അറിയില്ലെന്ന് പറഞ്ഞ് നാട്ടുകാരും കൈമലര്‍ത്തുകയാണ്. 8.45ന് ശേഷം നിലമ്പൂര്‍ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളില്ല. ഈ സമയത്തെങ്കിലും ഒന്നോ രണ്ടോ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് അനുഗ്രമാവും. എന്നാല്‍, ഇതിനൊന്നും നിലമ്പൂര്‍ സബ് ഡിപ്പോ അതികൃതര്‍ ശ്രദ്ധ കാണിക്കാറില്ല. മലപ്പുറം ഡിപ്പോയില്‍ നിന്നു അപൂര്‍വം സര്‍വീസ് മാത്രമാണ് നിലമ്പൂരിലേക്കുള്ളത്. ഈ റൂട്ട് നിലമ്പൂര്‍ സബ് ഡിപ്പോയുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സോണല്‍ ഓഫിസറുടെ നിര്‍ദേശം പോലും നിലമ്പൂരിലെ ജീവനക്കാര്‍ പാലിക്കാറില്ലെന്ന് നേരത്തെ പരാതിയുണ്ട്. ജീവനക്കാരുടെ തോന്നിയ രീതിയിലുള്ള തീരുമാനം കാരണം 2014ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന സബ് ഡിപ്പോയായി നിലമ്പൂര്‍ മാറിയിരുന്നു. ആര്യാടന്‍ മുഹമ്മദ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന സമയത്ത് ഇത്തരം ജീവനക്കാരെ സംരക്ഷിച്ചു വരുന്നതാണ് ഉന്നത ഓഫിസര്‍മാരെ അനുസരിക്കാതിരിക്കാന്‍ പിന്തുണയാവുന്നത്. നേരത്തെ ആര്യാടന്‍ ഇടപെട്ട് അഞ്ച് പോയിന്റ് ടു പോയിന്റ് കോഴിക്കോട് ഭാഗത്തേക്ക് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. മന്ത്രിയുടെ മണ്ഡലത്തിലെ എടക്കര, വഴിക്കടവ്, ചുങ്കത്തറ, നിലമ്പൂര്‍, ചന്തക്കുന്ന് ഭാഗങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും എടവണ്ണ,മമ്പാട്, മോങ്ങം, കാരക്കുന്ന് സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.
ഇതുമൂലം ജീവനക്കാരും യാത്രക്കാരും തര്‍ക്കങ്ങള്‍ പതിവായിരുന്നു. തുടര്‍ന്നാണ് നഷ്ടത്തിലായ ബസ്സുകള്‍ പിന്‍വലിച്ചത്.
അതേസമയം, ബസ്സുകള്‍ കേടുവന്നാല്‍ നന്നാക്കാന്‍ സ്‌പെയര്‍ പാര്‍ട്‌സുകളില്ലാത്തതാണ് റദ്ദാക്കാന്‍ കാരണമെന്ന് നിലമ്പൂര്‍ സബ് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ അഞ്ചോളം ബസ്സുകള്‍ കട്ടപ്പുറത്തുണ്ടെന്നും ഇവര്‍ പറയുന്നു. എടപ്പാളില്‍ നിന്നു സാമഗ്രികളെത്താന്‍ വൈകുന്നുണ്ടെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it