kozhikode local

കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടമായി റദ്ദാക്കി ; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു



കൊടുവള്ളി: താമരശ്ശേരി  സബ്ഡിപ്പോ അധികൃതര്‍ നിസ്സാര കാരണം പറഞ്ഞ്  സിഎം മഖാം നരിക്കുനി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടമായി റദ്ദാക്കിയതിനാല്‍ ഇന്നലെ വെള്ളിമാട്കുന്ന്, സിവില്‍സ്റ്റേഷന്‍, എരഞ്ഞിപ്പാലം, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ വലഞ്ഞു. രാവിലെ കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസും വടകര ഡിപ്പോയില്‍ നിന്നുള്ള സര്‍വീസും റദാക്കിയതോടെ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലെത്താനും ഉദ്യോഗസ്ഥര്‍ ഓഫിസുകളിലെത്താനും പ്രയാസപ്പെട്ടു. താമരശ്ശേരി ഡിപ്പോയില്‍ നിന്നു തന്നെ പതിനഞ്ചോളം ട്രിപ്പുകള്‍ ഓടിയിരുന്നത് ഇന്നലെ ഒരു ബസ് ഓടിയെങ്കിലും പഴയ ബസ്സായതിനാല്‍ പന്തീര്‍പാടത്ത് ബ്രേക്ക് ഡൗണായതോടെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ നടുറോഡില്‍ കുടുങ്ങി. വിദ്യാര്‍ഥികള്‍ സന്ധ്യ കഴിഞ്ഞിട്ടും വീടുകളിലെത്താന്‍ വൈകിയത് രക്ഷിതാക്കളില്‍ ആശങ്കയ്ക്കിടയാക്കി. എന്നാല്‍ ബസ്സില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതെന്ന പതിവു മറുപടിയാണ് താമരശ്ശേരി ഡിപ്പോ അധികാരികളില്‍ നിന്നും ലഭിച്ചത്. വിഷയം കോഴിക്കോട് ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താന്‍ പുതുതായി ചാര്‍ജെടുത്തിട്ടെ ഉള്ളൂവെന്നും അന്വേഷണം നടത്തി വേണ്ടത് ചെയ്യാമെന്നുമാണ് പ്രതികരിച്ചത്. 2004 മുതല്‍ തുടങ്ങിയ സര്‍വീസുകള്‍ നിരവധി തവണ റദ്ദാക്കപ്പെട്ടതായും സ്വകാര്യ ബസ്സുടമകളുമായി ഡിപ്പോ അധികൃതര്‍ നടത്തുന്ന ഒത്തു കളിയാണിതെന്നുമാണ് യാത്രക്കാ ര്‍ ആരോപിക്കുന്നത് ‘ഏറ്റവും പഴകിയ ബസ്സുകളെ നരിക്കുനി റൂട്ടില്‍ അയക്കാറുള്ളൂവെന്നും അതിനാല്‍ ബസ്സില്‍ കയറിയാല്‍ വഴിയില്‍ കേടായി കുടുങ്ങുന്നത് നിത്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it