കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഭക്ഷണശാല: ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: കട്ടപ്പുറത്തായി തുരുമ്പെടുത്തു നശിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഭക്ഷണശാല ആരംഭിക്കാനുള്ള നിര്‍ദേശത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കകം ഉന്നതതല യോഗം ചേരും. കുടുംബശ്രീയുമായി സഹകരിച്ച് ബസ്സുകളില്‍ കെഎസ്ആര്‍ടിസിയുടെ കാന്റീന്‍ ഒരുക്കാനാണ് നീക്കം.
കെഎസ്ആര്‍ടിസി സ്റ്റാന്റുകളിലും ഡിപ്പോകളിലും ടെര്‍മിനലുകളിലും പഴയ ബസ്സുകളില്‍ കാന്റീന്‍ ഉണ്ടാവും. പദ്ധതി നിര്‍ദേശം കുടുംബശ്രീ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ഉന്നതതലയോഗം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീയുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. കാന്റീന്‍ നടത്തിപ്പിനായി സ്റ്റാന്റുകളിലും ഡിപ്പോകളിലും ടെര്‍മിനലുകളിലും  സ്ഥലം കണ്ടെത്തലാണ് ആദ്യ നടപടി. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി, ഗതാഗത മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി എന്നിവരുമായി കൂടിയാലോചിച്ച് ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
ആറ് പദ്ധതികളടങ്ങിയ നിര്‍ദേശമാണ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. പഴയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കാന്റീന്‍ നടത്തിപ്പ്, ബസ്സുകള്‍ വൃത്തിയാക്കല്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍, എസി വിശ്രമകേന്ദ്രം, സ്ത്രീകളുടെ മുലയൂട്ടല്‍ കേന്ദ്രം എന്നിവ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it