thrissur local

കെഎസ്ആര്‍ടിസി ബസ്സും മിനി ബസ്സും കൂട്ടിയിടിച്ച് 42 പേര്‍ക്ക്

തൃശൂര്‍: അഞ്ചേരി വളര്‍ക്കാവില്‍ കെഎസ്ആര്‍ടിസി ബസും നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസും കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തൃശൂരിലേക്ക് വന്നിരുന്ന ബസും പയ്യന്നൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ഓച്ചിറ സരിഗ നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. നാടക സംഘത്തിലെ 10 പേര്‍ക്കും, കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 32 പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ട്രാവലറില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഇരുപത് മിനിട്ടിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തിറക്കാനായത്. നാടക സംഘത്തിലുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് ഭദ്രന്‍, ടെമ്പോ ഡ്രൈവര്‍ സജു എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടന്നു കയറിയപ്പോള്‍ എതിരെ വന്ന മിനി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-പൂത്തൂര്‍ റൂട്ടില്‍ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. എസിപി പി വാഹിദ്, സിഐമാരായ കെ സി സേതു, കെ കെ സജീവന്‍, ട്രാഫിക് എസ്‌ഐ രാഗേഷ് ഏലിയന്‍, ഒല്ലൂര്‍ എസ്‌ഐ ടി പി ഫര്‍ഷാദ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it