Flash News

കെഎസ്ആര്‍ടിസി ബസ്സില്‍ കുഞ്ഞിനെ ആശുപത്രിയിലാക്കിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മന്ത്രി വക പാരിതോഷികം



തിരുവനന്തപുരം: അപസ്മാര ലക്ഷണം കാണിച്ച കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസ്സില്‍ തന്നെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തന്റെ ശമ്പളത്തില്‍ നിന്ന് 25000രൂപ വീതം നല്‍കുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടറും ഡ്രൈവറുമായ ബിനു അപ്പുക്കുട്ടന്‍, കെ വി വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് മന്ത്രി പദവിയില്‍ നിന്നു ലഭിക്കുന്ന ആദ്യ ശമ്പളത്തില്‍ നിന്ന് 25000 രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ മൂവാറ്റുപുഴയില്‍ നിന്നും കയറിയ ദമ്പതികളുടെ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം കാണിക്കുകയായിരുന്നു. ആശുപത്രിയില്‍ ടാക്‌സി പിടിച്ചുപോവാന്‍ പണമില്ലാത്തതിനാലാണ് ദമ്പതികള്‍ കുഞ്ഞിനെയും കൊണ്ട് ബസ്സില്‍ കയറിയത്. ഈ സമയം ബസ്സില്‍ ഇവരടക്കം ഏഴോളം യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ബസ് മോനിപ്പള്ളി ആശുപത്രിയിലേക്ക് വിട്ടു. ഇവിടെ മുക്കാല്‍മണിക്കൂറോളം ബസ് ജീവനക്കാര്‍ ഇവരോടൊപ്പം നിന്നു. തുടര്‍ന്ന് വീണ്ടും ബസ്സില്‍ കയറി ഏറ്റുമാനൂരിലെത്തി. ഇവിടെ നിന്ന് കുട്ടികളുടെ ആശുപത്രിയിലേക്ക് പോവാന്‍ ദമ്പതികള്‍ക്ക് ബസ് ജീവനക്കാര്‍ ഓട്ടോപിടിച്ചു നല്‍കി. ഓട്ടോ കൂലിയും ഇവര്‍ തന്നെ കൊടുത്തു. രോഗിയായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും അസാധാരണമായ മാതൃകാ പ്രവര്‍ത്തനം നടത്തിയ കണ്ടക്ടറെയും ഡ്രൈവറെയും മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഓരോ കെഎസ്ആര്‍ടിസി ജീവനക്കാരനും യാത്രക്കാരോട് നന്നായി പെരുമാറാന്‍ പ്രേരണയായി ഇത് മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it