കെഎസ്ആര്‍ടിസി പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണ സംഘങ്ങള്‍ വഴിയാവും പണം നല്‍കുക. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ദര്‍ബാര്‍ ഹാളില്‍ നടന്ന സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മുഴുവന്‍ കുടിശ്ശികയും ഈ മാസം തന്നെ വിതരണം ചെയ്യാനാണ് തീരുമാനം. പെന്‍ഷന്‍ വിതരണത്തിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാവാന്‍ 223 സംഘങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 732 കോടി രൂപയാണ് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 219 കോടി മതി. ആദ്യഘട്ടത്തില്‍ നാലു ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്നു മാത്രം പണം സമാഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടിയും എറണാകുളം ജില്ലയിലെ നാലു സംഘങ്ങളില്‍ നിന്ന് 50 കോടിയും പാലക്കാട് ജില്ലയിലെ മൂന്ന് സംഘങ്ങളില്‍ നിന്ന് 30 കോടിയും തിരുവനന്തപുരത്ത് മൂന്ന് സംഘങ്ങളില്‍ നിന്ന് 30 കോടിയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 10 ശതമാനം പലിശയിലാണ് തുക തിരിച്ചടയ്ക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടിവരുക. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഹകാരികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. പെന്‍ഷന്‍കാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹമില്ലെന്നു തെളിയിക്കുന്നതാണ് പ്രതിപക്ഷ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it