Flash News

കെഎസ്ആര്‍ടിസി പത്തനംതിട്ട-വഴിക്കടവ് ബസ് അപകടം ; ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലിസ്; ബാഗിലും മദ്യം



പത്തനംതിട്ട: ടികെ റോഡില്‍ പത്തനംതിട്ട നന്നുവക്കാട് ബിഷപ്‌സ് ഹൗസിന് സമീപം വെള്ളിയാഴ്ച രാത്രി അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞുവെന്ന് പോലിസ്. ഇയാളെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡ്രൈവര്‍ പന്തളം സ്വദേശി ഗോപാലകൃഷ്ണന്‍ നായരാണ് മദ്യപിച്ചതായി കണ്ടെത്തിയിരിക്കുന്നതെന്ന് പത്തനംതിട്ട എസ്‌ഐ പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്ന് ചാരായവും കണ്ടെത്തി. പത്തനംതിട്ടയില്‍ നിന്നു വഴിക്കടവിലേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് കോഴഞ്ചേരി പാഴ്‌സല്‍ ലോറിയില്‍ ഇടിച്ചത്. നിയന്ത്രണംവിട്ട ലോറി വൈദ്യുതിപോസ്റ്റിലിടിച്ച് ഓടയിലേക്കു മറിയുകയുമുണ്ടായി. ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അതേസമയം ബസ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയിലാണ് പോലിസ് നടപടിയുണ്ടായത്. തുടര്‍ന്ന് ഡ്രൈവര്‍ ഗോപാലകൃഷ്ണന്‍ നായരെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. അതിനിടെ അപകടമറിഞ്ഞെത്തിയ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ ചില ജീവനക്കാര്‍ ഡ്രൈവറുടെ ബാഗ് പരിശോധിച്ചതാണു വിവാദമായത്. ബാഗില്‍ നിന്നു കുപ്പി മാറ്റാനുള്ള ശ്രമം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബിന്റെ  നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ മറ്റൊരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ സാജനും ഗോപാലകൃഷ്ണന്‍ നായരുടെ ബാഗ് മാറ്റാന്‍ ശ്രമിച്ചു. ഇതു സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസെത്തി ബാഗ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതില്‍ ~ഒരു കുപ്പിയില്‍ചാരായവും മറ്റൊരു കുപ്പിയില്‍ മോരും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഡ്രൈവറെ കേസില്‍നിന്നൊഴിവാക്കാന്‍ രാത്രിയില്‍ തന്നെ തീവ്രശ്രമമുണ്ടായെങ്കിലും മദ്യപിച്ചിരുന്നെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന നടപടിക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തെ ഗൗരവമായി കാണുമെന്ന് കെഎസ്ആര്‍ടിസി അധികൃതരും പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നു രാത്രിയില്‍ പുറപ്പെട്ട് കോട്ടയം,  തൃശൂര്‍, പെരിന്തല്‍മണ്ണ വഴി വഴിക്കടവിലെത്തുന്ന ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറായിരുന്നു ഗോപാലകൃഷ്ണന്‍ നായര്‍.
Next Story

RELATED STORIES

Share it