Flash News

കെഎസ്ആര്‍ടിസി: ദിനംപ്രതി പാഴാക്കുന്നത് കോടികള്‍; ടേക്ക് ഓവര്‍ സര്‍വീസുകള്‍ ബഹുഭൂരിപക്ഷവും നഷ്ടത്തില്‍

സി എ  സജീവന്‍
തൊടുപുഴ: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുന്ന കെഎസ്ആര്‍ടിസി ലാഭകരമല്ലാത്ത ടേക്ക്ഓവര്‍ സര്‍വീസുകളിലൂടെ ദിനംപ്രതി പാഴാക്കുന്നത് കോടിക്കണക്കിന് രൂപ. ടേക്ക്ഓവര്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് തൊട്ടു പിന്നില്‍ സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതാണ് ഈ സര്‍വീസുകളെ നഷ്ടത്തിലാക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ വാദിക്കുമ്പോള്‍ സ്വകാര്യബസ്സുകള്‍ക്ക് നല്‍കിയ പെര്‍മിറ്റുകളെല്ലാം നിയമപ്രകാരം തന്നെയാണെന്ന നിലപാടാണ് ഗതാഗതവകുപ്പിന്റേത്.
സംസ്ഥാനത്തൊട്ടാകെ 286 സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് ടേക്ക്് ഓവര്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തുന്നത്. ഇവയില്‍ ബഹുഭൂരിപക്ഷവും നഷ്ടത്തിലാണ്. 53 സര്‍വീസുകള്‍ മാത്രമേ പേരിനെങ്കിലും ലാഭമുണ്ടാക്കുന്നുള്ളൂവെന്ന് കോര്‍പറേഷന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബാക്കിയുള്ള നഷ്ടസര്‍വീസുകള്‍ നടത്തിക്കൊണ്ടുപോവാന്‍ കോര്‍പറേഷന്‍ ദിവസേന ബസ്സൊന്നിന് 10,000 രൂപയോളം ചെലവിടുന്നതായാണ് അനൗദ്യോഗിക കണക്ക്.
140 കിലോമീറ്ററിനു മേല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കോര്‍പറേഷന്‍ സര്‍വീസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, ഏറ്റെടുത്ത സ്വകാര്യ ബസ്സുകള്‍ അതേ റൂട്ടില്‍ നേരിയ സമയ വ്യത്യാസത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സംഘടിപ്പിച്ച് സര്‍വീസ് തുടങ്ങിയതോടെ സര്‍ക്കാര്‍ വണ്ടികള്‍ കെണിയിലായി.
സര്‍ക്കാര്‍ ബസ്സുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാവുമെന്ന നില വന്നതോടെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളെ ജനം കൈവിട്ടു. എല്ലാ റൂട്ടുകളിലും നേരത്തേ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസ്സുകളെ പിന്നാലെയെത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഓവര്‍ടേക്ക് ചെയ്ത് പോവുന്നതും യാത്രക്കാരെ അകറ്റുന്നതിന് കാരണമായി.
മിക്ക റൂട്ടുകളിലും സര്‍ക്കാര്‍ ബസ് പുറപ്പെടുന്ന സമയവുമായി അഞ്ച് മിനിറ്റ് ഇടവേളയിലാണ് സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്യാതെ സ്വകാര്യ ബസ്സിന് എസ്‌കോര്‍ട്ടെന്ന പോലെ കെഎസ്ആര്‍ടിസി ടേക്ക് ഓവറുകള്‍ ഓടുന്ന കാഴ്ച കാക്കനാട്-എറണാകുളം, കെകെ റോഡ്, കോട്ടയം-പത്തനംതിട്ട-എരുമേലി തുടങ്ങിയ റൂട്ടുകളില്‍ കാണാം.
സ്വകാര്യ ബസ്സുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നല്‍കാത്ത റൂട്ടുകളില്‍ മാത്രമാണ് ടേക്ക് ഓവര്‍ സര്‍വീസുകള്‍ ലാഭകരമായി ഓടുന്നത്. ടേക്ക് ഓവര്‍ ബസ്സുകളിലൊന്നിന് ശരാശരി 80 ലിറ്റര്‍ ഡീസല്‍ വേണം. 16000 രൂപയെങ്കിലും കലക്ഷന്‍ ലഭിച്ചാലേ സര്‍വീസ് ലാഭമാവൂ. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ ടേക്ക്ഓവര്‍ സര്‍വീസുകളുള്ളത്.
Next Story

RELATED STORIES

Share it