kannur local

കെഎസ്ആര്‍ടിസി : താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കും



തലശ്ശേരി: കെഎസ്ആര്‍ടിസിയില്‍ ഒരു വര്‍ഷം 120 ദിവസം ജോലിയില്‍ ഹാജരാവാത്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി സൂചന. വര്‍ഷത്തിലെ 365 ദിവസത്തില്‍ 120 ദിവസമെങ്കിലും ജോലി ചെയ്യാത്ത താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ നീക്കം നടക്കുന്നത്. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു കൂപ്പുകുത്താന്‍ കാരണം ജീവനക്കാരുടെ സ്ഥാപനത്തോടുള്ള കൂറില്ലായ്മയാണെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കെഎസ്ആര്‍ടിസിയല്‍ താല്‍ക്കാലിക നിയമനം ലഭിച്ച വിവിധ തസ്തികകളില്‍ ഉള്ളവര്‍ മെഡിക്കല്‍ ലീവുകള്‍ എടുത്തും കോര്‍പറേഷനിലെ വിവിധ യൂനിയനുകള പ്രതിനിധികരിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോലിക്ക് ഹാജരാവാതിരിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറ്റഷന്‍ ഗവേണിങ് ബോഡി തന്നെ പലതവണ യൂണിയന്‍ നേതാക്കളെ ധരിപ്പിച്ചിരുന്നു.എന്നാല്‍ കോര്‍പറേഷനിലെ പ്രബല യൂനിയന്റെ ആധിപത്യത്തെയോ അവരുടെ തീരുമാനങ്ങളെയോ ലംഘിക്കാന്‍ പലപ്പോഴും മാനേജ്‌മെന്‍ിനു സാധ്യമാവാറില്ല. 10 വര്‍ഷകാലമായി താല്‍ക്കാലിക ജീവനക്കാരായി കെഎസ്ആര്‍ടിസിയില്‍ തുടരുന്ന വിവിധ തസ്തികകളിലെ ജീവനക്കാരും ഒരു വര്‍ഷത്തില്‍ എത്ര ദിവസം ജോലിക്ക് ഹാജരായിട്ടുണ്ടെന്ന കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് 120 ദിവസം പോലും ജോലിക്ക് ഹാജരാവാത്ത ജീവനക്കാരുണ്ടെന്ന് മാനേജ്‌മെന്റിനു ബോധ്യപ്പെട്ടത്. ഇത്തരം ഒരു കണ്ടത്തലിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ കണ്ണൂര്‍ ഡിപ്പോയില്‍ ആറുപേരും തലശ്ശേരി സബ് ഡിപ്പോയില്‍ നിന്ന് നാലു പേരുടെയും ലിസ്റ്റ് സംസ്ഥാന സര്‍ക്കാറിനു കൈമാറിയതായാണു വിവരം.സംസ്ഥാനത്തെ ആകെ ഡിപ്പോകളില്‍ നിന്നു ഇത്തരത്തിലുള്ള നൂറുകണക്കിന് തൊഴിലാളികളുടെ ലിസ്റ്റ് സര്‍ക്കാറിന് വിവിധ ഡിപ്പോകളിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല. അതേസമയം, കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it