palakkad local

കെഎസ്ആര്‍ടിസി ഡിപ്പോ നരകതുല്യം

കെ സനൂപ്

പാലക്കാട്: നവീകരണവും സ്റ്റാന്റ് മാറ്റവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറന്നപ്പോള്‍ യാത്രക്കാര്‍ക്ക് തീരാദുരിതം സമ്മാനിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥരും നില്‍ക്കുന്നതോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പാലക്കാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോ യാത്രക്കാരുടെ ശാപം ഏറ്റുവാങ്ങുന്നു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ ബസ് കാത്തുനില്‍ക്കാനോ സൗകര്യമില്ലാത്ത സ്റ്റാന്റില്‍ ബസ്സുകള്‍ കയറാനും ഇറങ്ങാനും കൃത്യമായ സ്ഥലവുമില്ല. മാത്രമല്ലാ ഒരോ റൂട്ടിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ എവിടേയാണ് പാര്‍ക്ക് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ അന്വേഷണ കൗണ്ടറിലിരിക്കുന്നവര്‍ക്കോ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കോ സെക്യൂരിറ്റി ജീവനക്കാര്‍ക്കോ കൃത്യമായ ഉത്തരമില്ലെന്ന് മാത്രമല്ലാ യാത്രക്കാരെ വട്ടംകറക്കുന്ന ഉത്തരമാണ് ലഭിക്കുന്നതും.
പൊള്ളാച്ചി, നെല്ലിയാമ്പതി ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് മാറ്റിയെന്ന് പറയുമ്പോഴും അത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് പോവുന്ന ബസ്സുകളുടെ സമയവിവരപട്ടിക ജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ വച്ചിട്ടുമില്ല. പലപ്പോഴും അന്വേഷണ കൗണ്ടറില്‍ ആളില്ലാത്ത സ്ഥിതിയുമുണ്ട്. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പതിവായി മുടക്കി വര്‍ക്ക്‌ഷോപ്പുള്ള ഡിപ്പോയില്‍ ബസ് തകരാറാണെന്ന് വ്യാജ രേഖയുണ്ടാക്കുന്നതായും പറയപ്പെടുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരും കെഎസ്ആര്‍ടിസിയിലെ ചില കണ്ടക്ടര്‍മാരും യൂനിയന്‍ നേതാക്കളും സ്വകാര്യ ബസ്സുടമകളില്‍ നിന്ന് പണവും മറ്റുള്ളവയും കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്ക് ബസ് നിറുത്തിയിട്ട് ലഭ്യമായ സമയം വിശ്രമിക്കാനും സ്റ്റാന്റില്‍ സൗകര്യമില്ല. പുറത്ത് റോഡിലും സ്റ്റാന്റിലേക്ക് ബസ്സുകള്‍ പ്രവേശിക്കുന്ന ഭാഗത്തിന് സമീപവും വേണം മറ്റ് ഡിപ്പോകളില്‍ നിന്നെത്തുന്ന ഫാസ്റ്റുകളും ടൗണ്‍ ടു ടൗണ്‍ ബസ്സുകളും വിശ്രമത്തിനായി പാര്‍ക്ക് ചെയ്യാന്‍. ഈ ബസ്സുകളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും പരിമിതമായ സൗകര്യങ്ങളേ ഡിപ്പോയിലുള്ളൂ. നവീകരണത്തിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചിട്ട സ്റ്റാന്റില്‍ പറയത്തക്ക യാതൊരു പുനര്‍നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ ഇതുവരെയും അധികൃതര്‍ മിനക്കെട്ടിട്ടില്ല. പുതിയ ബസ് സ്റ്റാന്റിന്റെ ടെന്‍ഡര്‍ നടപടികള്‍ പോലും യഥാസമയം പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍ മനപൂര്‍വം കാലതാമസം വരുത്തുകയാണെന്നും കെഎസ്ആര്‍ടിസിയിലെ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
എടിഒ, സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസുകളും അന്വേഷണ റിസര്‍വേഷന്‍ കൗണ്ടറും നേരത്തെ കെകെദിവാകരന്‍ എംഎല്‍എയായിരുന്ന കാലത്ത് നിര്‍മിച്ച അന്തര്‍സംസ്ഥാന ടെര്‍മിനലിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയാണ് പാലക്കാട് ഡിപ്പോയിലെ കാലപ്പഴക്കം ചെന്ന പ്രധാന കെട്ടിടം പൊളിച്ചത്. ഡിപ്പോയിലെ ജീവനക്കാരും ഓഫിസ് സ്റ്റാഫും നിന്നുതിരിയാന്‍ ഇടമില്ലാതെ ഇതോടെ ദുരിതത്തിലായി. കുറച്ച് കസേരകള്‍ മാത്രമാണ് ഇവിടെ യാത്രക്കാര്‍ക്കായുള്ളത്. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് കീഴിലുള്ള പല സബ് ഡിപ്പോകളിലും ഇതുതന്നെയാണ് അവസ്ഥ. അന്വേഷണ കൗണ്ടറില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനോ ദീര്‍ഘദൂര ബസ്സുകളുടെ സമയവിവരപട്ടിക പ്രദര്‍ശിപ്പിക്കാനോ ഇവര്‍ തയ്യാറാവുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിനിധികളുടേയും സ്വകാര്യ ബസ് മുതലാളിമാരുടേയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനമെന്ന് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തന്നെ ആരോപിക്കുന്നു.
നിലവിലെ ഓഫിസിന് മുന്നില്‍ ബസ്സുകള്‍ തിരിക്കാനും യാത്രക്കാരെ കയറ്റാനും പരിമിത സൗകര്യമേയുള്ളൂ. അഞ്ച് ബസ് നിന്നാല്‍ ഈ ഭാഗം നിറയുന്ന അവസ്ഥയാണ്. ഇതില്‍ സ്റ്റാന്റിലെത്തുകയും തിരിക്കുകയും ചെയ്യുന്ന ബസ്സുകള്‍ക്കിടയിലൂടെ സാഹസികമായി വേണം യാത്രക്കാര്‍ക്ക് ബസ്സില്‍ കയറിപ്പറ്റാന്‍. ഇത്തരത്തില്‍ ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ചിദംബരം സ്വദേശിയായ യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂര്‍, കോഴിക്കോട്, പൊള്ളാച്ചി ഭാഗത്തേക്കുള്ള ബസ്സുകളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. കോയമ്പത്തൂര്‍, ഗുരുവായൂര്‍ ബസുകളും ബംഗഌരു ബസ്സുകളും പെട്രോള്‍ പമ്പിന് സമീപമാണ് നിറുത്തുന്നത്.
പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നുകിടക്കുന്ന ഈ ഭാഗത്ത് വെയിലും മഴയും പൊടിയും സഹിച്ച് വേണം യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്കുപോലും മതിയായ സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പാലക്കാടിനെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് സ്റ്റാന്റിന്റെ നിര്‍മാണവും നവീകരണവും വൈകുന്നതെന്ന് ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. സ്റ്റാന്റിന്റെ അവസ്ഥ ഇതാണെങ്കില്‍ അതിനുമുമ്പിലെ പ്രീപെയ്ഡ് ഓട്ടോ സെന്ററിന്റെ അവസ്ഥയും മറ്റൊന്നല്ല. ഡ്യൂട്ടിക്കെത്തുന്ന പോലിസുകാര്‍ക്ക് വിശ്രമിക്കാനും കെഎസ്ആര്‍ടിസി സെക്യൂരിറ്റിക്കാര്‍ക്ക് തങ്ങാനുമുള്ള ഇടത്താവളമായിരിക്കയാണ് പ്രീപെയ്ഡ് ബൂത്ത്.
പോസ്റ്ററുകളാല്‍ മൂടി പൂട്ടിയ നിലയിലുള്ള ഇവിടെ നിന്ന് ഓട്ടോകള്‍ക്ക് സ്ലിപ്പ് നല്‍കുകയോ അതിനനുസരിച്ച് ഓട്ടോകള്‍ ഓടിക്കുകയോ ചെയ്യുന്നില്ല. ഇതുമൂലം തോന്നിയ ചാര്‍ജാണ് ഓട്ടോകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ഇതിനെതിരെയും യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. ഓട്ടോ പ്രീപെയ്ഡ് സംവിധാനം കാര്യക്ഷമമാക്കണമെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഡിപ്പോ നവീകരണവും പുതിയ കെട്ടിട നിര്‍മാണവും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് യാത്രക്കാരുയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it