kozhikode local

കെഎസ്ആര്‍ടിസി ഡിപ്പോ അഴിമതി : അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേല്‍ നടപടിയായില്ല



വടകര: താഴെഅങ്ങാടി മലബ്ബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മ്മാണത്തില്‍ കാണിച്ചിട്ടുള്ള വ്യാപക അഴിമതിയെ കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയായില്ല. കോഴിക്കോട് വിജിലന്‍സ് സിഐ കെ.സി സുഭാഷ് അന്വേഷിച്ച് കണ്ടെത്തി സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേലാണ് നടപടിയില്ലാതെ കിടക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിന്‍മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിജിലന്‍സ് പൂര്‍ത്തീകരിച്ച് നടപടിയെടുക്കണമെന്നും കരാര്‍ ജീവനക്കാരന് ബാക്കി നല്‍കാനുള്ള തുക നല്‍കരുതെന്ന് കാണിച്ച് റിപോര്‍ട്ട് നല്‍കിയെന്നാണ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. എന്നാല്‍ റിപോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടുമാണ് നടപടിക്കായി അധികൃതര്‍ തുനിയാത്തത്. വടകര എംഎല്‍എ സികെ നാണുവിന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തി 2013ലായിരുന്നു ഡിപ്പോ നിര്‍മ്മാണത്തിനായി തറക്കല്ലിട്ടത്. തുടര്‍ന്ന് 2015ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ അന്ന് മുതല്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. വിവിധ കോണില്‍ നിന്നും പരാതികള്‍ ലഭിച്ചെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പരാതിന്‍മേലുള്ള ആക്ഷേപം അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. അമ്പത് ലക്ഷം രൂപ ചിലവില്‍ പ്രസ്തുത സ്ഥലത്ത് ആകെ നിര്‍മ്മിച്ചത് ബസ് ഓപ്പറേറ്റ് ചെയ്യാവുന്ന ഒരു ഷീറ്റിട്ട മൂന്ന് ഭാഗം കെട്ടിയ ഷെഡും, പിന്നെ രണ്ടിടത്തായി ചുറ്റുമതിലുമാണ്. പടിഞ്ഞാറ് ഭാഗത്തായി സ്ഥലത്തെ ചുറ്റുമതില്‍ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വടകര നഗരസഭ കെട്ടിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചുറ്റു മതിലിനും, കെട്ടിയ ഷെഡിനും കൂടി അമ്പത് ലക്ഷം ചിലവായതെന്ന കാര്യത്തില്‍ പ്രദേശവാസികള്‍ക്കും മറ്റും അന്നേ സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എംഎല്‍എ സികെ നാണുവും അന്വേണം നടത്തണമെന്ന് പരാതിപ്പെട്ടിരുന്നു. കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി അബ്ദുല്‍ ശരീഫ് എന്ന വ്യക്തിക്കാണ് നിര്‍മ്മാണം നല്‍കിയിരുന്നത്. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ട് നല്‍കിയെന്നതല്ലാതെ ബില്ലുകള്‍ ഇതുവരെ തീര്‍പ്പുകല്പിച്ചിട്ടില്ല. പരാതിക്കാരനായി സ്വകാര്യ വ്യക്തി തന്റെ പരാതിയുടെ അന്വേഷണം എവിടെയെത്തിയെന്ന് അന്വേഷിച്ചപ്പോഴാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപോര്‍ട്ട് നല്‍കിയെന്ന് മറുപടി നല്‍കിയെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടണമെന്നും പറഞ്ഞതായി പരാതിക്കാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it