thrissur local

കെഎസ്ആര്‍ടിസി ഡിപ്പോയിലെയും ബസ്സ്റ്റാന്റിലെയും ടോയ്‌ലറ്റുകള്‍ അടച്ചു

മാള: മാള കെ എസ് ആര്‍ ടി സി ഡിപ്പോയിലേയും ടൗണിനോട് ചേര്‍ന്ന പഞ്ചായത്ത് ബസ് സ്റ്റാന്റിലേയും ടോയ്‌ലറ്റുകളടച്ചു. കഴിഞ്ഞ ദിവസം മാള കെ എസ് ആര്‍ ടി സി ഡിപ്പോയിലെ മൂത്രപുരകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി അടച്ചുപൂട്ടി സീല്‍ ചെയ്തു.
ശുചിത്വമില്ലെന്ന് കണ്ടെത്തിയാണ് നടപടി. മാള പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റിലെ ഈടോയ്‌ലറ്റ് സംവിധാനം പഞ്ചായത്ത് യന്ത്രസഹായത്താല്‍ ഇളക്കി മാറ്റി. ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാര്‍ കെട്ടിടത്തിനു മറവിലും ബസുകള്‍ക്ക് പിറകിലുമായാണ് കാര്യം സാധിക്കുന്നത്. അതേസമയം വനിതകളാണ് പ്രതിസന്ധിയിലാകുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഇരു ബസ് ഡിപ്പോകളിലും സൗകര്യങ്ങള്‍ ഉണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ടോയ്‌ലറ്റിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വിനയായതെന്ന് അഭിപ്രായമുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിക്കുന്നതാണ് മുഖ്യ കാരണമെന്നാണ് കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ഈ ടോയ്‌ലറ്റ് സംവിധാനം കാര്യമായ തോതില്‍ സ്ത്രീകളും പുരുഷന്‍മാരും ഉപയോഗിച്ചിരുന്നില്ല. സൗകര്യമില്ലാത്തതും ശുചിത്വം കാര്യമായി ഇല്ലാത്തതും ബസ് സ്റ്റാന്റിന്റെ എതിര്‍വശത്തായതും മറ്റുമാണ് കാരണം. ബസ്സുകള്‍ പാര്‍ക്ക് ചെയ്യേണ്ടിടത്ത് സ്ഥലം വെറുതേയാക്കി സ്ഥാപിച്ച ഈ ടോയ്‌ലറ്റുകളാണ് പ്രളയത്തെതുടര്‍ന്ന് എടുത്തുമാറ്റിയത്.
പഴയ ടോയ്‌ലറ്റ് പ്രളയത്തില്‍ തകര്‍ന്നിരുന്നു. 20 ലക്ഷത്തില്‍പ്പരം രൂപ വെള്ളത്തില്‍ ഒലിച്ചുപോയ അവസ്ഥയാണ്. മൂത്രശങ്ക അടക്കിപ്പിടിച്ച് വീടുകളിലോ ലക്ഷ്യസ്ഥാനങ്ങളിലോ എത്തി കാര്യം സാധിക്കേണ്ട സാഹചര്യമാണ്. കെ എസ് ആര്‍ ടി സി മാള ഡിപ്പോയില്‍ മൂക്ക് പൊത്തി മാത്രമാണ് നില്‍ക്കാനാവുക. അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.

Next Story

RELATED STORIES

Share it