kannur local

കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബങ്കുകള്‍ക്ക് അനുമതി നിഷേധിച്ചു

കണ്ണൂര്‍: നിന്നുതിരിയാന്‍ ഇടമില്ലാത്ത കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ഥാപിച്ച ബങ്കുകള്‍ക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതോടെ വന്‍തുക നല്‍കി ബങ്ക് ലേലംകൊണ്ടവര്‍ വെട്ടിലായി. സ്വന്തമായി വാണിജ്യസമുച്ചയം ഉണ്ടായിട്ടും നഷ്ടത്തിലാണ് കണ്ണൂര്‍ ഡിപ്പോ.
വരുമാന ദായക പദ്ധതിയുടെ ഭാഗമായാണ് ഡിപ്പോ സമുച്ചയം പരിസരത്ത് 14 ബങ്കുകള്‍ സ്ഥാപിച്ച് നടത്തിപ്പിനു കൈമാറിയത്. 18,000 രൂപയോളം മാസവാടക നിരക്കില്‍ ലേലംകൊണ്ടവര്‍ മൂന്നുവര്‍ഷത്തേക്ക് കരാറൊപ്പിട്ടു. ബാങ്ക് വായ്പയും മറ്റുമായി വന്‍തുക തരപ്പെടുത്തിയാണ് ഇവരില്‍ പലരും പണം കെഎസ്ആര്‍ടിസിക്ക് കൈമാറിയത്.
ബങ്ക് മോടി കൂട്ടി കച്ചവടത്തിനായി മുന്നൊരുക്കവും തുടങ്ങി. തുടര്‍ന്ന് ലൈസന്‍സിനായി കണ്ണൂര്‍ കോര്‍പറേഷനെ സമീപിച്ചപ്പോഴാണ് അധികൃതര്‍ തടസ്സവാദം ഉന്നയിച്ചത്. അപേക്ഷ പരിഗണിച്ച ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയെങ്കിലും അനുമതി നല്‍കിയില്ല. മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടപ്രകാരമല്ല ബങ്കുകള്‍ നിര്‍മിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്ഥാപനങ്ങളും റോഡും തമ്മിലുള്ള ദൂരപരിധി പാലിച്ചില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ബങ്ക് നടത്തിപ്പുകാര്‍ കെഎസ്ആര്‍ടിസിയെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലത്രെ. കോര്‍പറേഷനും ഡിപ്പോ അധികൃതരും കൈമലര്‍ത്തിയതോടെ ഇനിയെന്തു ചെയ്യുമെന്ന അവസ്ഥയിലാണ് ബങ്ക് നടത്തിപ്പുകാര്‍. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഡിപ്പോ പരിസരത്ത് സ്ഥാപിച്ച ബങ്കുകള്‍ക്കെതിരേ വാണിജ്യസമുച്ചയത്തിലെ കച്ചവടക്കാരും രംഗത്തുണ്ട്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കെഎസ്ആര്‍സി ഡിപ്പോ സമുച്ചയത്തിലെ കടകളിലേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇവിടെയാണ്. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇവിടെ കെഎസ്ആര്‍ടിസി പണമുണ്ടാക്കാന്‍ പുതിയ സംവിധാനം പരീക്ഷിക്കുന്നത് അക്ഷരാര്‍ഥത്തില്‍ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും പൊല്ലാപ്പായി.
Next Story

RELATED STORIES

Share it