ernakulam local

കെഎസ്ആര്‍ടിസി ടെര്‍മിനലിലെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍



കൊച്ചി: നഗരത്തിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ബസ് ടെര്‍മിനലിലെ കാഴ്ചകള്‍ മെട്രോ നഗരത്തെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൃഗതുല്യമായ രീതിയിലാണ് രാപകല്‍ ബസോടിക്കുന്ന ജീവനക്കാരെ കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി. ജീവനക്കാരുടെ വിശ്രമമുറിയിലെത്തിയ കമ്മീഷന്‍ കണ്ടത് ഒരു കിടക്കയില്‍ കിടന്നുറങ്ങുന്ന രണ്ട് ജീവനക്കാരെയാണ്. ആവശ്യത്തിന് കിടക്കകളില്ല. ഫാനുണ്ടെങ്കിലും കാറ്റില്ല. എപ്പോള്‍ വേണമെങ്കിലും വിശ്രമ സങ്കേതം ഇടിഞ്ഞു വീഴാം. ജനാലകള്‍ക്ക് അടപ്പില്ല. ഇവിടെ വിശ്രമിക്കാനെത്തുന്ന ജീവനക്കാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപിനെക്കാള്‍ ഭയാനകമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നേരത്തെ ബസ് ടെര്‍മിനലിലെ സ്ഥിതിയെ കുറിച്ച് കമ്മീഷന്‍ കോര്‍പറേഷന്‍ എംഡിയില്‍ നിന്നും റിപോര്‍ട്ട് വാങ്ങിയിരുന്നു. പുതിയ ടെര്‍മിനല്‍ വരുമ്പോള്‍ എല്ലാം ശരിയാവുമെന്നായിരുന്നു മറുപടി. പക്ഷേ ഒന്നും നടന്നില്ല. മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടം കെടുകാര്യസ്ഥതതയുടെ ഒന്നാന്തരം ഉദാഹരണമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.  പരിചയസമ്പന്നനായ എന്‍ജിനീയറുടെ അഭാവം നിര്‍മിതിയില്‍ കാണാം. പുതിയ ചുമരുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം അടിയന്തരമായി ആരംഭിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മിതിയിലെ സാരമുള്ള തകരാറുകളുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട സിവില്‍ എന്‍ജിനീയറില്‍ വ്യക്തിപരമായി നിക്ഷിപ്തമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.യാത്രക്കാരുടെ വിശ്രമകേന്ദ്രത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകാന്‍ സ്ഥലമില്ല. ടെര്‍മിനലിലെ ഹോട്ടലുകളില്‍ നിന്നും ചായ കുടിച്ചാല്‍ ചിലപ്പോള്‍ മാരക രോഗങ്ങള്‍ പിടിപെടാം. വാട്ടര്‍ ടാങ്കും സെപ്റ്റിക് ടാങ്കും ഒരേ സ്ഥലത്താണ്. സെപ്റ്റിക് ടാങ്കിലെ മാലിന്യം വാട്ടര്‍ ടാങ്കിന് സമീപമെത്തി തളം കെട്ടി നില്‍ക്കുന്നത് കമ്മീഷന്‍ നേരില്‍ കണ്ടു.കെഎസ്ആര്‍റ്റിസി, എംഡി അടിയന്തരമായി ടെര്‍മിനല്‍ സന്ദര്‍ശിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പി മേഹനദാസ് ഉത്തരവിട്ടു. നാലാഴ്ചക്കകം കമ്മീഷന്‍ മുമ്പാകെ എംഡി റിപോര്‍ട്ട് നല്‍കണം.ടെര്‍മിനലിന്റെ തെക്ക് ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമതലയുള്ള സിവില്‍ എന്‍ജിനീയര്‍ നവംബറില്‍ എറണാകുളത്ത് നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാവണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it