kasaragod local

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി; യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്്: റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ച കെഎസ്ആര്‍ടിസ് എംഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയാണ് കാസര്‍കോട്്, കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
തിരുവനന്തപുരത്ത് നേതാക്കളെ പോലിസ് മര്‍ദ്ദിച്ചതിലും ജീവനക്കാര്‍ പ്രതിഷേധിച്ചു. മിന്നല്‍ പണിമുടക്കിനേ തുടര്‍ന്ന് കാസര്‍കോട്-മംഗളൂരു, കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി ദേശസാല്‍കൃത റൂട്ട്്, കാസര്‍കോട്-കാഞ്ഞങ്ങാട് എന്‍എച്ച്, കാസര്‍കോട്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിപ്പെട്ട യാത്രക്കാര്‍ തിരിച്ചുപോകാന്‍ സംവിധാനമില്ലാതെ വലഞ്ഞു. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലായി. സമര സമയത്ത് കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തി വന്‍ലാഭം കൊയ്തു. ഉച്ചയോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്. കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് സിഐടിയു, ഐഎന്‍ടിയുസി, ടിഡിഎഫ്, എഐടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്. എന്നാല്‍ ബിഎംഎസ് മിന്നല്‍ പണിമുടക്കില്‍ നിന്നും വിട്ടുനിന്നു. വിവിധ സംഘടനാ നേതാക്കളായ ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, എം പി പത്മനാഭന്‍, ശംസുദ്ദീന്‍, സന്തോഷ്, കൃഷ്ണകുമാര്‍, വി വി ലതീഷ്, പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വന്‍ പോലിസ് സന്നാഹവും ഡിപ്പോ പരിസരത്ത് ഒരുക്കിയിരുന്നു.

Next Story

RELATED STORIES

Share it