malappuram local

കെഎസ്ആര്‍ടിസി ജന്റം ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി



പൊന്നാനി: സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ജന്റം ബസ്സുകള്‍ യാത്രക്കാര്‍ക്ക് തലവേദനയാവുന്നു. കെഎസ്ആര്‍ടിസി ജന്റം ബസ്സുകള്‍ക്ക് സമയം ക്രമീകരണം വേണമെന്ന ആവശ്യം ശക്തമായി. പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തുന്ന ജന്റം ബസ്സുകള്‍ നിലവില്‍ സമയക്രമം പാലിക്കാതെയാണ് ഓടുന്നത്. ഒരു വര്‍ഷം മുമ്പ് രണ്ട് ജന്റം ബസ്സുകളാണ് ഡിപ്പോയില്‍നിന്ന് സര്‍വീസ് തുടങ്ങിയത്. പൊന്നാനിയില്‍ നിന്നു ചമ്രവട്ടം ജങ്ഷന്‍ വഴി കുറ്റിപ്പുറത്തേക്കാണ് ജന്റം ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദവുമായിരുന്നു. പൊന്നാനിയില്‍ നിന്നു കുറ്റിപ്പുറത്തേക്കെത്താന്‍ വെറും പതിനഞ്ചു മിനുട്ട് മാത്രം എടുക്കുന്നതിനാല്‍ നിരവധി പേരാണ് ജന്റം ബസ്സിനെ ആശ്രയിക്കുന്നത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലേക്കും വളാഞ്ചേരി, കോട്ടക്കല്‍ ഭാഗങ്ങളിലേക്കുപോവാനും ഇത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഇതിനിടെയാണ് മൂന്ന് പുതിയ ജന്റം ബസ്സുകള്‍ കൂടി പൊന്നാനി ഡിപ്പോയിലേക്ക് അനുവദിച്ചത്. ഇതോടെ റൂട്ടുകള്‍ നിശ്ചയിക്കുന്നതിന് പ്രയാസമായി. നേരത്തെ ലാഭകരമായിരുന്ന റൂട്ടില്‍ മൂന്ന് ബസ്സുകള്‍ കൂടി അധികം സര്‍വീസ് നടത്തിയതോടെ ദിവസ കലക്്ഷന്‍ കുറയുകയും ചെയ്തു. ഇപ്പോള്‍ ഈ റൂട്ടിലെ ഒരു ബസ് പിന്‍വലിച്ച് തിരൂരില്‍ നിന്നു വൈറ്റിലയിലേക്ക് സര്‍വീസ് നടത്തുകയാണ്. സമയക്രമം ഇല്ലാത്തതിനാല്‍ തോന്നിയപോലെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. ഇതുമൂലം ഏത് സമയത്താണ് ബസ്സുകള്‍ എത്തുകയെന്ന് യാത്രക്കാര്‍ക്കും നിശ്ചയമില്ല. എടപ്പാള്‍ വഴി കുറ്റിപ്പുറത്തേക്ക് സര്‍വീസ് നടത്തുമ്പോള്‍ മുക്കാല്‍ മണിക്കൂറോളം വരുന്നിടത്താണ് പുതിയ ദേശീയപാത വഴി ജന്റം ബസ്സുകള്‍ പതിനഞ്ച് മിനുട്ട് കൊണ്ട് കുറ്റിപ്പുറത്തെത്തുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദവുമാണ്. ഇതിനാല്‍ സമയക്രമം പുനര്‍നിര്‍ണയിച്ച് സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it