കെഎസ്ആര്‍ടിസി കോംപൗണ്ടില്‍ പ്രകടനത്തിനും യോഗങ്ങള്‍ക്കും വിലക്ക്

എച്ച്  സുധീര്‍
പത്തനംതിട്ട: കെഎസ്ആര്‍ടിസി കോംപൗണ്ടിനുള്ളില്‍ പ്രകടനത്തിനും യോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്. കോര്‍പറേഷന്റെ ആസ്ഥാനമന്ദിരമായ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, മറ്റ് യൂനിറ്റുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവയുടെ കോംപൗണ്ടിനുള്ളില്‍ നിയമവിരുദ്ധമായുള്ള പ്രകടനം, മൈക്ക് ഉപയോഗിച്ച് യോഗം ചേരല്‍, ധര്‍ണ എന്നിവ വിവിധ സംഘടനകളും വ്യക്തികളും നടത്തുന്നതിനാണു വിലക്ക്.
ഇത്തരം നീക്കങ്ങള്‍ ഓഫിസ് പ്രവര്‍ത്തനങ്ങളെയും സര്‍വീസ് ഓപറേഷനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് എംഡി ഉത്തരവില്‍ പറയുന്നു. കൂടാതെ, യാത്രക്കാര്‍ക്ക് വലിയ അസൗകര്യം ഉണ്ടാക്കുകയും സഞ്ചാരസ്വാതന്ത്ര്യത്തിന് വിഘാതമാവുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രകടനം, മൈക്ക് ഉപയോഗിച്ച് യോഗം ചേരല്‍, ധര്‍ണ എന്നിവ ഒഴിവാക്കാന്‍ എല്ലാ സംഘടനകളും ജീവനക്കാരും ശ്രദ്ധിക്കണമെന്നും ഉത്തരവിലൂടെ എംഡി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, സംഘടിക്കാനും സമരം ചെയ്യാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ കൊല്ലുന്നതാണ് എംഡിയുടെ ഉത്തരവെന്ന് തൊഴിലാളി യൂനിയനുകള്‍ ആരോപിച്ചു. സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനും വിലപേശാനുമുള്ള അവകാശം നിയമപരവും ഭരണഘടനാപരവുമാണെന്നും അത് ഔദാര്യമായി കെഎസ്ആര്‍ടിസി കാണരുതെന്നും എഐടിയുസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിഇഎ, ടിഡിഎഫ്, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചു. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി യൂനിയന്‍ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ചീഫ് ഓഫിസില്‍ പ്രതിഷേധവും നടന്നു.
Next Story

RELATED STORIES

Share it