Flash News

കെഎസ്ആര്‍ടിസി അച്ചടക്ക നടപടി കൂടുതല്‍ ജീവനക്കാരിലേക്ക്



തിരുവനന്തപുരം: സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുള്ള കൂടുതല്‍ ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസി അച്ചടക്ക നടപടിയിലേക്ക്. ആദ്യഘട്ടമായി 14 പേരെയും പിന്നാലെ 70 പേരെയും ദൂരെയുള്ള യൂനിറ്റുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു ശേഷം 130 പേര്‍ക്കെതിരേ കൂടി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാവും. സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുണ്ടെങ്കില്‍ അറിയിക്കാന്‍ ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 17ന് ചേര്‍ന്ന കെഎസ്ആര്‍ടിസി ഭരണസമിതി ഇത്തരം ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. സ്വന്തം ബസ് ഓടുന്ന സ്ഥലങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗവും ജോലിചെയ്തിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്വന്തം ബിസിനസ് കൂടി നടത്തിക്കൊണ്ടുപോവുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം. ഡബിള്‍ ഡ്യൂട്ടി ആനുകൂല്യം മുതലെടുത്ത ഇവര്‍ ആഴ്ചയില്‍ നാലു ദിവസവും സ്വകാര്യ ബസ്സുകള്‍ക്കായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. കോര്‍പറേഷനിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി സ്ഥാപനത്തിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ കുറ്റമാണ് ഇവര്‍ക്കെതിരേയുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ വരുമാനമുള്ള മറ്റു ജോലികളില്‍ ഏര്‍പ്പെടരുതെന്ന നിയമം കെഎസ്ആര്‍ടിസിക്കും ബാധകമാണ്. മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ശിക്ഷ സ്ഥലംമാറ്റമായി പരിമിതപ്പെടുത്തിയത്. ഇനിയും കൃത്യവിലോപം തുടര്‍ന്നാല്‍ സസ്‌പെന്‍ഷന്‍, പിരിച്ചുവിടല്‍ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സ്വകാര്യ ബസ് ബന്ധം വെളിപ്പെടുത്താത്ത ജീവനക്കാരുടെ വിവരങ്ങളും ശേഖരിക്കാന്‍ വിജിലന്‍സിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ഓഫിസില്‍ ലഭിക്കുന്ന പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്. നിരവധി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ് നടത്തിപ്പില്‍ ബിനാമി പങ്കാളിത്തമുണ്ടെന്നാണ് ആക്ഷേപം. കെഎസ്ആര്‍ടിസി ഏറെ ബസ്സുകള്‍ ഓടിക്കുന്ന തെക്കന്‍ ജില്ലകളില്‍ സമാന്തര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it