കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ വ്യാജ സൂപ്പര്‍ ഫാസ്റ്റുകള്‍ രംഗത്ത്

ടിപി ജലാല്‍

മഞ്ചേരി: കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ പുതിയ സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ നിരത്തുകള്‍ കൈയടക്കുന്നു. ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റില്‍ (എല്‍എസ്) സൂപ്പര്‍ ഫാസ്റ്റെന്ന പേരില്‍ ഓടിയാണ് പാലക്കാട്-മലപ്പുറം-കോഴിക്കോട് റൂട്ടിലെ കെഎസ്ആര്‍ടിസിയുടെ ആധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. യാത്രക്കാരെ കബളിപ്പിക്കാന്‍ പോയിന്റ് ടു പോയിന്റ് എന്ന സ്റ്റിക്കര്‍ പതിച്ച് സൂപ്പര്‍ ഫാസ്റ്റിന്റെ ചാര്‍ജാണ് ഈടാക്കുന്നത്.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് തുടങ്ങിയ സര്‍വീസുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമേ അനുവാദമുള്ളൂ. ഈ നിയമത്തെ കാറ്റില്‍ പറത്തിയാണ് പുതിയ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഓര്‍ഡിനറി ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. നിലവിലുള്ള ഈ റൂട്ടിനൊപ്പം ബസ്സുകളും വിലക്കെടുത്താണ് സര്‍വീസുകള്‍ ഏറ്റെടുക്കുന്നത്. ഇതിനകം 20 ഓളം ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒരു പെര്‍മിറ്റില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിച്ച് ഗുരുതരമായ നിയമ ലംഘനവും ഇവര്‍ നടത്തുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് പ്രത്യേക നികുതിയടക്കേണ്ടതുണ്ടെങ്കിലും രേഖയില്‍ ഓര്‍ഡിനറിയായതിനാല്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാനുമാവില്ല. ഡി3 നിയമ പ്രകാരം എല്‍എസ് ഓര്‍ഡിനറിക്ക് ഒരു കിലോമീറ്റര്‍ മറികടക്കാന്‍ രണ്ടര മിനിറ്റ് സമയം വേണം. എന്നാല്‍, ഇവര്‍ അമിത വേഗതയിലോടുന്നതിനാല്‍ അപകടസാധ്യതയും കൂടുതലാണ്. അമിത ചാര്‍ജ് നല്‍കിയാലും വേഗത്തിലെത്തണമെന്ന യാത്രക്കാരുടെ ആഗ്രഹമാണ് ഇവര്‍ മുതലെടുക്കുന്നത്. സമയം പാലിക്കാതെ കെഎസ്ആര്‍ടിസിയുടെ തൊട്ടു പിന്നാലെയാണ് ഈ ബസ്സുകള്‍ ഓടുന്നത്. ഒരു തവണ കെഎസ്ആര്‍ടിസി അധികൃതര്‍ പരാതിപ്പെട്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് തണുപ്പന്‍ ഇടപെടലാണ് നടത്തുന്നത്.
പരാതി ലഭിക്കുന്നത് രഹസ്യമായി അറിയുന്നതിനാല്‍ ഇവര്‍ ഒന്നോ രണ്ടോ ദിവസം ബസ് മാറ്റിയിടുന്നതിനാല്‍ കണ്ടെത്താനുമാവുന്നില്ല. പല പ്രമുഖ ഉദ്യോഗസ്ഥരും ഈ ഗ്രൂപ്പിന് രഹസ്യ പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം പാലക്കാട്-കോഴിക്കോട് റൂട്ടിലെ കൊണ്ടോട്ടിയില്‍ മല്‍സരയോട്ടത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു. ഇത് ഒത്തു തീര്‍പ്പാക്കാന്‍ പ്രമുഖ പോലിസ് ഓഫിസര്‍മാരാണത്രെ രംഗത്തെത്തിയത്.
ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാക്കിയുള്ള നിയമം സ്വകാര്യ ബസ് ലോബികളുടെ സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ആഡംബര ബസ്സുകളുടെ ബിനാമികളായ ചില ഇടതു വലത് ജനപ്രതിനിധികളും നിയമം പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ട്രാന്‍സ്പാര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമത്തിന്റെ മറപിടിച്ചാണ് സ്വകാര്യ ബസ്സുകള്‍ കെഎസ്ആര്‍ടിസിക്കെതിരേ തിരിയുന്നത്.
Next Story

RELATED STORIES

Share it