കെഎസ്ആര്‍ടിസിയെ ആധുനികവല്‍ക്കരിക്കാനുള്ള നീക്കവുമായി തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വീസിനെ ആധുനികവല്‍ക്കരിച്ച് കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കവുമായി എംഡി ടോമിന്‍ തച്ചങ്കരി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മാതൃകയില്‍ ബസ്സുകള്‍ സ്‌റ്റോപ്പില്‍ എത്ര സമയത്തിനകം എത്തുമെന്നും യാത്രക്കാര്‍ക്ക് കണ്ടക്ടറോട് സംസാരിക്കാനും കഴിയുന്ന തരത്തില്‍ സൗകര്യമൊരുക്കാനാണ് നീക്കം.
ഇതിനായി ജിപിഎസ് സംവിധാനമുള്ള ടിക്കറ്റ് മെഷീന്‍ ബസ്സുകളില്‍ ഏര്‍പ്പെടുത്തും. ഒപ്പം ടിക്കറ്റ് മെഷീനില്‍ സൈ്വപ്പ് ചെയ്യാന്‍ കഴിയുന്ന ട്രാവല്‍ കാര്‍ഡും പുറത്തിറക്കും. ഇതിനായി ഇ ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നിട്ടുണ്ട്. തിരഞ്ഞെടുത്ത ബസ്സുകളില്‍ വൈഫൈ സൗകര്യം കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ജിപിഎസ് സംവിധാനം വരുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്കടക്കം ബസ്സിനായി ഏറെനേരം കാത്തുനില്‍ക്കേണ്ട അവസ്ഥ ഒഴിവാകും. നിലവിലെ ടിക്കറ്റ് മെഷീനുകളില്‍ ജിപിആര്‍എസ് സംവിധാനമുണ്ട്. എന്നാല്‍, സര്‍വറുകളുടെ അപര്യാപ്തത കാരണം മിക്കതിലും അത് പ്രവര്‍ത്തിക്കുന്നില്ല. നിലവിലുള്ള കാലാവധി കഴിഞ്ഞതും തകരാറുള്ളതുമായ 6200 മെഷീനുകള്‍ക്കും പകരമാണ് പുതിയത് വാങ്ങുന്നത്.
പുതുതായി ഏര്‍പ്പെടുത്തുന്ന ട്രാവല്‍കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ ജിപിഎസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളില്‍ സാധിക്കും. വിദേശ രാജ്യങ്ങളുടെ മാതൃകയിലുള്ള ട്രാവല്‍ കാര്‍ഡുകളാവും ഏര്‍പ്പെടുത്തുക.  നിലവിലെ ടിക്കറ്റ് സംവിധാനത്തിനൊപ്പമാവും ഇതുമേര്‍പ്പെടുത്തുക. ബസ്സില്‍ കണ്ടക്ടര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് തച്ചങ്കരി പുതിയ പരിഷ്‌കാരത്തിന് കരുക്കള്‍ നീക്കുന്നത്.
Next Story

RELATED STORIES

Share it