കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി; 4222 ജീവനക്കാരെ സ്ഥലംമാറ്റും

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചു. സ്ഥലംമാറ്റം ചെയ്യപ്പെടേണ്ടവരുടെ കരടു പട്ടിക കെഎസ്ആര്‍ടിസി പുറത്തിറക്കി. 4222 ജീവനക്കാരാണു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 2719 പേര്‍ ഡ്രൈവര്‍മാരും 1503 പേര്‍ കണ്ടക്ടര്‍മാരുമാണ്.
ഈ മാസം ഒമ്പതു മുതലാണ് കെഎസ്ആര്‍ടിസിയില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കിയത്. ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതോടെ എല്ലാ ദിവസവും ജീവനക്കാര്‍ ജോലിക്കെത്തണം. ഇതു മൂലം ഇതര ജില്ലകളില്‍ നിന്ന് എത്തി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധികള്‍ ഒരുമിച്ചെടുത്ത് നാട്ടില്‍ പോവാനുള്ള അവസരം ഇല്ലാതായി. ഇത് ജീവനക്കാരുടെ പ്രതിഷേധത്തിനു കാരണമായതോടെ ജീവനക്കാര്‍ക്കു വീടുകള്‍ സ്ഥിതി ചെയ്യുന്ന മാതൃജില്ലകളില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്ന് എംഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റം ചെയ്യപ്പെടേണ്ടവരുടെ പട്ടിക കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പുറത്തിറക്കിയത്.
കഴിഞ്ഞ ആറു മാസത്തിനകം അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചവര്‍, സസ്‌പെന്‍ഷന് ശേഷം പുനപ്രവേശിച്ച് സ്ഥലംമാറ്റം ലഭിച്ചവര്‍, ദീര്‍ഘനാളായി ജോലിക്ക് വരാതിരുന്ന ശേഷം പുനപ്രവേശനം ലഭിച്ചവര്‍, പ്രതിമാസം 10 ഡ്യൂട്ടിയില്‍ കുറവായ കാരണത്താല്‍ സ്ഥലംമാറ്റം ലഭിച്ചവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇവരുടെ വിവരം സമര്‍പ്പിക്കാന്‍ യൂനിറ്റ് അധികൃതര്‍ക്ക് എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്ഥലംമാറ്റം ആവശ്യമില്ലാത്തവരേയും ഒഴിവാക്കുമെന്നാണു കെഎസ്ആര്‍ടിസി വിശദീകരണം.
അതേസമയം, ജോലി സൗകര്യാര്‍ഥം മറ്റ് യൂനിറ്റുകളിലേക്ക് മൂന്നു മാസത്തേക്ക് സ്ഥലംമാറ്റം ആവശ്യമുള്ളവരുടെ ലിസ്റ്റ് പ്രത്യേകം ശേഖരിക്കുന്നുണ്ട്. ഇപ്പോഴുള്ള കരട് പട്ടിക പ്രകാരം ഓരോ യൂനിറ്റിലും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റം ഉറപ്പാക്കുക. നിലവില്‍ തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിലേറെ കണ്ടക്ടര്‍മാരും മലബാര്‍ ജില്ലകളില്‍ തസ്തികകളേക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാരുമുണ്ട്. ഇവരെ ജോലി സൗകര്യാര്‍ഥം മറ്റു യൂനിറ്റുകളിലേക്ക് പുനര്‍വിന്യാസിച്ചാല്‍ മാത്രമെ ഇപ്പോള്‍ നടപ്പാക്കുന്ന മാതൃ ജില്ലാ സ്ഥലംമാറ്റം വിജയിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ സ്ഥിരമായ സ്ഥലംമാറ്റത്തോടൊപ്പം മൂന്നു മാസം വീതം ഇതര ജില്ലകളില്‍ ഡ്യൂട്ടി ക്രമീകരിക്കാനുള്ള ആലോചനയും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. ഒരു ജീവനക്കാരനെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൂന്നു മാസം വീതം ആവശ്യമുള്ള ജില്ലകളിലേക്ക് അയക്കുന്ന പദ്ധതിയാണ് മാനേജ്‌മെന്റിന്റെ പരിഗണനയിലുള്ളത്.
അതേസമയം, പുതിയ ഭരണ പരിഷ്‌കാരത്തിനെതിരേ അടുത്തമാസം മുതല്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ഭാഗമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവെന്നും വിലയിരുത്തപ്പെടുന്നു.

Next Story

RELATED STORIES

Share it