Kottayam Local

കെഎസ്ആര്‍ടിസിയില്‍ ഭരണ പരിഷ്‌കാരം; ചെയിന്‍ സര്‍വീസ് താളംതെറ്റി



കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസിയില്‍ പുതിയ ഭരണ പരിഷ്‌ക്കാരം നടപ്പാക്കിയതോടെ പതിറ്റാണ്ടുകളായി പൊന്‍കുന്നം-പാല ഡിപ്പോകളുടെ അഭിമാനമായിരുന്ന ചെയിന്‍ സര്‍വീസ് താളം തെറ്റി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പിലാക്കിയതോടെ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമാണ് ഇപ്പോള്‍ ഈ റൂട്ടിലെ സര്‍വീസ് 7000 രൂപയിലേറെ കളക്ഷനുണ്ടായിരുന്നിടത്ത് 3000രൂപയില്‍ താഴെ മാത്രമായി ചുരുങ്ങി. സ്വകാര്യ സര്‍വീസുകളുടെ കുത്തകയായിരുന്ന ഈ റൂട്ടില്‍ 25 വര്‍ഷത്തോളമായി ലാഭകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചിട്ട്.ഇരു ഡിപ്പോകളില്‍ നിന്നായി നാലു വീതം ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്.കോര്‍പറേഷന്റെ പുതിയ പരിഷ്‌കാരം വന്നതോടെ രാവിലെയും രാത്രിയിലും പാലം  പൊന്‍കുന്നം റൂട്ടില്‍ ഗുരുതരമായ യാത്രാക്ലേശവും സ്വകാര്യ ബസ് മുതലാളികള്‍ക്ക് ചാകരയുമാണ്. രാവിലെ ആറിന് തുടങ്ങുന്ന സര്‍വീസ് രാത്രി 9.30നാണ് അവസാന സര്‍വീസ് നടത്തിയിരുന്നത്. രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരുന്നത്. ബസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി. ഡ്യൂട്ടി പരിഷ്‌കാരത്തിന്റെ ഭാഗമായി പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്റിലെ കെഎസ്ആര്‍ടിസി അന്വേഷണ ഓഫിസും അടച്ചുപൂട്ടി. ഇതോടെ യാത്രക്കാര്‍ക്ക് ബസ് സമയം അറിയണമെങ്കില്‍ ടൗണില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ഡിപ്പോയില്‍ എത്തേണ്ട അവസ്ഥയാണ്. ഏകദേശം 200 സര്‍വീസുകളാണ് ദിവസേന കടന്നു പോകുന്നത്. സമയ ക്ലിപ്തത പാലിപ്പിക്കാനും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അടച്ചതോടെ മാര്‍ഗമില്ലാതായി. മറ്റ് ചുമതലയുടെ പേരിലാണ് അടച്ചുപൂട്ടല്‍. എന്നാല്‍ അദര്‍ഡ്യൂട്ടിക്കാര്‍ പൊ ന്‍കുന്നം ഡിപ്പോയില്‍ ഇല്ല. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഒഴിവു വരുമ്പോള്‍ സീനിയറായ കണ്ടക്ടര്‍മാരേ ഇരുത്തുകയായിരുന്നു പതിവ്.പാലം  പൊന്‍കുന്നം റൂട്ടിലെ നാല് സര്‍വീസ് കൂടാതെ മലയോര മേഖലയിലെ മൂന്ന് സര്‍വീസ് കൂടി സിംഗിള്‍ ഡ്യൂട്ടിയിലാക്കിയിരിക്കുകയാണ്.മേലോരം, ആഴങ്ങാട്, കണയങ്കവയല്‍ എന്നിവയാണിത്. ഇവയെല്ലാം 7000 രൂപയ്ക്കു മേല്‍ വരുമാനമുള്ളതായിരുന്നു. രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാക്കിയപ്പോള്‍ 4000ല്‍ താഴെയായി. രാവിലെയും വൈകിട്ടും മലയോര യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി. പൊന്‍കുന്നം ഡിപ്പോയില്‍ ആകെ 42 ഷെഡ്യൂളുകളാണുള്ളത്. ഇതില്‍ 33 വരെ ദിവസേന സര്‍വീസ് നടത്താറുണ്ട്. ബാക്കി സര്‍വീസ് നടത്താന്‍ കണ്ടീഷനുള്ള ബസ്സുകള്‍ ഉണ്ടാവില്ല. സര്‍വീസ് ഓപറേറ്റ് ചെയ്യാത്ത ഈ ഷെഡ്യൂളുകള്‍ മിക്കവയും 9000 രൂപക്കുമേലില്‍ കളക്ഷനുണ്ടായിരുന്നതാണ്. പൊന്‍കുന്നം, ചക്കുളത്തുകാവ്, കുളത്തൂര്‍മൂഴി ആലപ്പുഴ, മൂന്നു പുനലൂര്‍ ചെയിന്‍ സര്‍വീസുകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്.
Next Story

RELATED STORIES

Share it