കെഎസ്ആര്‍ടിസിയില്‍ നിന്ന് ദയാബായിയെ ഇറക്കിവിട്ടതായി പരാതി

കൊച്ചി: പ്രശസത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അപമാനിച്ച് ബസ്സില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയ്ക്കുള്ള യാത്രാമധ്യേ കെഎസ്ആര്‍ടിസി ബസ്സില്‍ അപമാനിതയായെന്നാണ് പരാതി. ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു അവര്‍.
പാവറട്ടിയില്‍ സ്റ്റുഡന്റ് കേഡറ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തൃശൂരില്‍ നിന്നും ആലുവയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ദയാബായി. ആലുവ ബസ് സ്റ്റാന്‍ഡ് എത്താറായോ എന്ന് ഡ്രൈവറോട് ചോദിച്ചതോടെയാണ് മോശമായ പെരുമാറ്റം ആദ്യമുണ്ടായത്. കണ്ടക്ടര്‍ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തോടും സ്ഥലം ചോദിച്ചു. എന്നാല്‍, ബസ് സ്റ്റാന്‍ഡിന് മുമ്പുള്ള സ്‌റ്റോപ്പില്‍ ഇറങ്ങണമെന്ന് ഭീഷണി സ്വരത്തില്‍ നിര്‍ദ്ദേശിക്കുകയും മോശം പദപ്രയോഗം നടത്തുകയുമാണ് കണ്ടക്ടര്‍ ചെയ്തത്. ദയാബായിയെ ആലുവ ബസ്സ്റ്റാന്‍ഡില്‍ ഇറക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. ബസ് നിര്‍ത്തി അവരെ ഇറക്കിവിട്ടു. തന്റെ ലളിത വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ദയാബായി ചോദിച്ചുവെങ്കിലും മോശമായ മറുപടിയാണ് ലഭിച്ചത്. ഇനി മറ്റൊരാള്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാനാണ് താന്‍ പരാതി ഉന്നയിക്കുന്നതെന്ന് ദയാബായി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലൊരുനുഭവം വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it