Flash News

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൂട്ടപിരിച്ചുവിടല്‍

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൂട്ടപിരിച്ചുവിടല്‍
X


തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താല്‍ക്കാലിക ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന റീജ്യനല്‍ വര്‍ക്‌ഷോപ്പുകളിലെ എംപാനലുകാരായ മെക്കാനിക്കല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോഴിക്കോട്ട് 35 പേരെയും മാവേലിക്കരയില്‍ 65 പേരെയും എടപ്പാളിലും ആലുവയിലുമായി 55 പേരെ വീതവുമാണ് പിരിച്ചുവിട്ടത്. ഈ നാല് വര്‍ക്ക്‌ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്കാണ് അപ്രതീക്ഷിതമായി ജോലി നഷ്ടമായത്.
നോട്ടീസൊന്നും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു. പലരും ഇന്നലെ രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ട്.
കൂട്ടപിരിച്ചുവിടലില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക്ക്‌ഷോപ്പ് മാനേജരെ ജീവനക്കാര്‍ തടഞ്ഞുവച്ചു. കൂട്ടപിരിച്ചുവിടലിനെ അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിഇഎ അറിയിച്ചു. അധികൃതരുടെ തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ സമരം നടത്തുമെന്നും മറ്റു തൊഴിലാളി സംഘടനകളും അറിയിച്ചു. കഴിഞ്ഞമാസം തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലെ 240 ജീവനക്കാരെയും സമാനരീതിയില്‍ പിരിച്ചുവിട്ടിരുന്നു. അടുത്തിടെനടന്ന മെക്കാനിക്ക് ഡ്യൂട്ടി പാറ്റേണ്‍ സമരവുമായി ബന്ധപ്പെട്ട് 81 ജീവനക്കാരെയും വിവിധ ഡിപ്പോകളില്‍ നിന്നായി ഒഴിവാക്കിയിരുന്നു. ഇന്നും നാളെയുമായി മറ്റു വര്‍ക്‌ഷോപ്പുകളിലെ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടുമെന്നും ജീവനക്കാര്‍ പറയുന്നു. ബസ് ബോഡി നിര്‍മാണം നിലച്ചതിനാല്‍ എംപാനല്‍ ജീവനക്കാരെ ഇനി ആവശ്യമില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്.
ബോഡി നിര്‍മാണം നിര്‍ത്തിയതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. നിലവില്‍ ഷാസികളുടെ ലഭ്യത കുറവായതിനാലും ബസ് ബോഡി നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ ഉച്ചമുതല്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രസ്തുത ജീവനക്കാര്‍ ഡ്യൂട്ടി പാസും ബയോമെട്രിക് ഐഡി കാര്‍ഡും പാസ് സെക്ഷനില്‍ ഏല്‍പ്പിക്കണമെന്നും റീജ്യനല്‍ വര്‍ക്‌ഷോപ്പ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ആറിന് കേന്ദ്രകാര്യാലയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒറ്റഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുന്നതുമാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന.
Next Story

RELATED STORIES

Share it