kasaragod local

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ കൂട്ട അവധി : സര്‍വീസുകള്‍ പകുതിയും മുടങ്ങി



കാസര്‍കോട്: കെഎസ്ആര്‍ടിസിയിലെ എന്‍ജിനീയറിങ് വിഭാഗം തൊഴിലാളികള്‍ കൂട്ട അവധി എടുത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങി. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ സര്‍വീസുകള്‍ മുടങ്ങിയതോടെ അന്തര്‍ സംസ്ഥാന, ദേശസാല്‍കൃത, മലയോര സര്‍വീസുകള്‍ മുടങ്ങി. കാസര്‍കോട് ഡിപ്പോയില്‍ ആകെയുള്ള 67 സര്‍വീസുകളില്‍ 33 എണ്ണം മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. മൂന്ന് ജന്റം ബസ്സുകളും സര്‍വീസ് നടത്തി. കാഞ്ഞങ്ങാട് ഡിപ്പോയിലെ 56 സര്‍വീസുകളില്‍ 16 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്. ഇതോടെ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന മേഖലയിലെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. കെഎസ്ആര്‍ടിസിയുടെ നഷ്ടംകുറക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ ജോലി ചെയ്തിരുന്ന ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികള്‍ കൂട്ട അവധിയെടുത്ത സമരം ആരംഭിച്ചത്. ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍ലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഇതോടെ ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിനാ ല്‍ സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ പ്രബല ട്രേഡ് യൂനിയനുകളായ ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി,എസ്ടിയു, യുടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ സംഘടനയായ സിഐടിയു വിഭാഗത്തിന്റെ പ്രസിഡന്റ് എല്‍ഡിഎഫ് കണ്‍വീനറായ വൈക്കം വിശ്വനാണ്. കഴിഞ്ഞ മാസം എകെജി സെന്ററില്‍ നടന്ന ഈ വിഭാഗത്തിന്റെ സമ്മേളനത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും തൊഴിലാളികളെ സിഐടിയു ചൂഷണം ചെയ്യുകയാണെന്നും കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) യൂനിറ്റ് സെക്രട്ടറി പി വി ഉദയകുമാര്‍ കുറ്റപ്പെടുത്തി. ബസ്സുകള്‍ സര്‍വീസ് നടത്തിയത് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താതെയാണെന്നും അദ്ദേഹം ആരോപിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവര്‍മാര്‍ ബസ് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിടുകയാണ് പതിവ്. ഇവിടെ പരിശോധിച്ച ശേഷമാണ് പിറ്റേദിവസം സര്‍വീസ് ആരംഭിക്കുന്നത്. എന്നാല്‍ ഇന്നലെ സര്‍വീസ് നടത്തിയ മുഴുവന്‍ ബസ്സുകളും മതിയായ അറ്റകുറ്റപ്പണി നടത്താതെയാണെന്നും ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്നും വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. ബസ്സുകളുടെ സര്‍വീസ് കുറഞ്ഞത് മൂലം ദേശസാല്‍കൃത റൂട്ടായ ചന്ദ്രഗിരിയില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവും അനുഭവപ്പെട്ടു.
Next Story

RELATED STORIES

Share it