കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ കൂട്ടരാജി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ കൂട്ടരാജി. വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്ന 606 ജീവനക്കാരാണ് രാജിവച്ചത്. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്നവരാണ് രാജിവച്ചത്. ഇത്രയുംപേര്‍ ഒന്നിച്ച് കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കോര്‍പറേഷനില്‍ നിരന്തരമായി ശമ്പളം മുടങ്ങുകയും പെന്‍ഷന്‍ കിട്ടാത്ത അവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യകമ്പനികളിലും മികച്ച ശമ്പളമുള്ള ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ രാജിയെന്നാണ് വിവരം. അതേസമയം, സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയല്ല രാജിക്കു കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. വിവിധ കാലയളവിലായി രാജിവച്ചവരാണ് ഇത്രയുംപേര്‍. എന്നാല്‍, ഇവരുടെ രാജി അപേക്ഷ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോയി. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ജോലി ഉപേക്ഷിച്ചു പോവുന്നവരുടെ രാജി യഥാസമയം സീകരിക്കാതിരിക്കുകയും അവര്‍ ജീവനക്കാരുടെ പട്ടികയില്‍ തുടരുകയും ചെയ്യുന്നതോടെ ആവശ്യത്തിലധികം ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെന്ന തോന്നല്‍ ഉണ്ടാവും. മെച്ചപ്പെട്ട ശമ്പളമുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ കുറഞ്ഞതു 10 പേരെങ്കിലും ഓരോമാസവും കെഎസ്ആര്‍ടിസിയില്‍ നിന്ന് രാജിവയ്ക്കാറുണ്ട്. ജീവനക്കാര്‍ രാജിവച്ചത് സര്‍വീസുകളെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it