കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി; മാനേജ്്‌മെന്റിനെതിരേ ജനരോഷം ഉണ്ടാക്കാന്‍ ശ്രമം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഈ മാസം 9 മുതല്‍ നടപ്പാക്കിയ എട്ടു മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ (എട്ടു മണിക്കൂര്‍ ഡ്യൂട്ടി) അട്ടിമറിക്കാനും മാനേജ്്‌മെന്റിനെതിരേ ജനരോഷം ഉണ്ടാക്കാനും തല്‍പരകക്ഷികള്‍ ശ്രമിക്കുന്നതായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി. ഒരു ഡ്രൈവര്‍ ഒരുദിവസം എട്ടുമണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ. അതിനുശേഷമുള്ള ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ ചെയ്യണം എന്നു മാത്രമാണു നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതു നടപ്പാക്കിയപ്പോള്‍ പല ട്രിപ്പുകളും ഷെഡ്യൂളുകളും ഒന്നാകെ വെട്ടിക്കുറയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെയൊരു നിര്‍ദേശം ചീഫ് ഓഫിസില്‍ നിന്നു നല്‍കാതിരിക്കെ യൂനിറ്റ് തലത്തില്‍ ചില തല്‍പരകക്ഷികള്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കി മാനേജ്‌മെന്റിനെതിരേ ജനരോഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേപ്പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും സോണല്‍ ഓഫിസര്‍മാരോടും വിജിലന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
25 വര്‍ഷക്കാലമായി നടന്നുവന്ന മള്‍ട്ടിപ്പിള്‍ ഡ്യൂട്ടി പാറ്റേണ്‍ എട്ടു മണിക്കൂര്‍ സിംഗില്‍ ഡ്യൂട്ടി ആയി കുറച്ചപ്പോള്‍ ജീവനക്കാര്‍ ആഴ്ചയില്‍ ആറുദിവസവും ഡ്യൂട്ടിക്ക് വരേണ്ടതായിവന്നു. എന്നാല്‍, കെഎസ്ആര്‍ടിസി ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ദിവസവും ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തുന്നുണ്ട്. അതാണു നിയമവും. മള്‍ട്ടിപ്പിള്‍ ഡ്യൂട്ടി ലക്ഷങ്ങളുടെ നഷ്ടമായിരുന്നു കോര്‍പറേഷന് ഉണ്ടാക്കിയത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കിയ ദിവസങ്ങളില്‍ വരുമാനത്തില്‍ യാതൊരു കുറവും ഉണ്ടായില്ലെന്നു മാത്രമല്ല താരതമ്യേന വര്‍ധനയാണുണ്ടായത്. ഈ മാസം 9ന് 6.14 കോടി, 11ന് 6.62 കോടി, 12ന് 6.69 കോടി, 13ന് 6.42 കോടി എന്നിങ്ങനെയായിരുന്നു വരുമാനം. ആയിരത്തിലധികം ക്രൂ സേവിങ്‌സും (ഡ്രൈവര്‍, കണ്ടക്ടര്‍) ഉണ്ടായി. അലവന്‍സ് തുകയായി കോര്‍പറേഷന്‍ നല്‍കിയിരുന്ന ചെലവില്‍ 30 ശതമാനം കുറവുണ്ടായി. ആകെ ഓടിയ കിലോമീറ്ററുക ള്‍ കുറഞ്ഞു. അതിലൂടെ ഡീസല്‍ ലാഭം ഉണ്ടായി. എന്നാല്‍ ഓടിയ സമയത്തില്‍ വര്‍ധനയുണ്ടായി. ഈ ദിവസങ്ങളിലെല്ലാം കെഎസ്ആര്‍ടിസിയുടെ അപകടനിരക്ക് പൂജ്യം ആയിരുന്നു. അപകടങ്ങള്‍ ഉണ്ടായിട്ടില്ല.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ 25 വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം ഒരു വിജയമാണെന്നു തന്നെ കാണാം. എന്നാല്‍, ചില തൊഴിലാളിസംഘടനകള്‍ മാനേജ്‌മെന്റിന് എതിരായി സമരനോട്ടീസ് നല്‍കിയ വേളയില്‍ ചില തല്‍പരകക്ഷികള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ റൂട്ടുകളിലെ ഷെഡ്യൂളുകള്‍ റദ്ദ് ചെയ്തു.
പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ ഡ്യൂട്ടി പരിഷ്്കാരത്തിന് തുരങ്കംവയ്ക്കുന്നതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് കോര്‍പറേഷന്റെ ഇപ്പോഴത്തെ ദൗത്യം. ഇതിനുശേഷം ഷെഡ്യൂള്‍ പരിഷ്‌കരണം ആരംഭിക്കുന്നതിനായി പഠനം നടത്തും. ഇതിനായി റോഡുകളുടെ അവസ്ഥ. ഗതാഗതക്കുരുക്ക് തുടങ്ങിയവ പഠിച്ച് ഒരുകിലോമീറ്റര്‍ ഓടാന്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമം പുനപ്പരിശോധിക്കും. ഇത്തരത്തിലുള്ള സമയക്രമീകരണങ്ങളും വിവിധ ഡിപ്പോകളില്‍ നിന്ന് ആരംഭിക്കുന്ന ബസ്സുകളുടെ യാത്രക്കാര്‍ ഇല്ലാതെയുള്ള കോണ്‍വോയ് ഓട്ടങ്ങളും പഠിച്ച് പുനപ്പരിശോധിക്കേണ്ടതുണ്ട്. സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ വന്‍ മാറ്റമാണ് എട്ടു മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയതു വഴി കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചിരിക്കുന്നതെന്നും ടോമിന്‍ ജെ തച്ചങ്കരി പറയുന്നു.

Next Story

RELATED STORIES

Share it