കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണം മാറ്റിവച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ നടത്താനിരുന്ന ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കാരം താല്‍ക്കാലികമായി മാറ്റിവച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോര്‍പറേഷന്‍ എംഡി എ ഹേമചന്ദ്രന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ഈ മാസം ആറിന് വീണ്ടും ചര്‍ച്ച നടത്തിയശേഷമാവും അന്തിമ തീരുമാനമെടുക്കുക. ഡ്യൂട്ടി പരിഷ്‌കാരത്തെ എതിര്‍ക്കുന്ന തൊഴിലാളി സംഘടനകള്‍ക്ക് ബദല്‍ നിര്‍ദേശമില്ലെന്ന് എംഡി ചൂണ്ടിക്കാട്ടിയപ്പോള്‍, വ്യക്തമായ നിര്‍ദേശമുണ്ടെന്നായിരുന്നു സംഘടനകളുടെ പ്രതികരണം. ഇതേത്തുടര്‍ന്ന് അടുത്ത അഞ്ചിന് മുമ്പ് തൊഴിലാളി സംഘടനകളോട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആറിനു വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു തീരുമാനം. വരുമാനത്തിന് അനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കുന്നതിനെതിരേ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് എല്ലാം സിംഗിള്‍ ഡ്യൂട്ടിയായി മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഒപ്പം ഓര്‍ഡിനറി സര്‍വീസുകളില്‍ എട്ടു മണിക്കൂര്‍ ജോലിസമയം നിജപ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ മാറ്റാനും ആലോചിച്ചിരുന്നു. പരിഷ്‌കരണം ഈ മാസം ഒന്നു മുതല്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലെന്ന നിലപാടാണ് തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it