wayanad local

കെഎസ്ആര്‍ടിസിക്ക് നഷ്ടം ലക്ഷങ്ങള്‍

മാനന്തവാടി: 32ഓളം ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ സര്‍വീസുകളും ഇന്നലെ ഓപറേറ്റ് ചെയ്തു. എന്നാല്‍, വരുമാനം കുറഞ്ഞു. ഇതു ലക്ഷങ്ങളുടെ നഷ്ടത്തിനിടയാക്കി. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ യാത്രക്കാരുടെ കുറവ് കാരണം പകുതി സര്‍വീസുകള്‍ പോലും നടത്താത്ത സാഹചര്യത്തിലാണ് മാനന്തവാടി ഡിപ്പോയില്‍ ആകെയുള്ള 91 സര്‍വീസുകളില്‍ ബസ്സില്ലാത്തതിന്റെ പേരില്‍ മാത്രം ചില ഷെഡ്യൂളൂകള്‍ ഒഴിവാക്കി ശേഷിക്കുന്നവ ഓപറേറ്റ് ചെയ്തത്.
അതേസമയം, കല്‍പ്പറ്റ ഡിപ്പോയില്‍ രാവിലെ 5 സര്‍വീസുകള്‍ മാത്രമാണ് ഓടിയത്. ഉച്ചകഴിഞ്ഞുള്ള 19 സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തി. ആകെ 54 ഷെഡ്യൂളുകളാണ് കല്‍പ്പറ്റിയില്‍. തൊണ്ണൂറോളം ഷെഡ്യൂളുകളുള്ള സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലും ആകെ 30 സര്‍വീസുകള്‍ മാത്രമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഓപറേറ്റ് ചെയ്തത്.
ഇതില്‍ തന്നെ പല ബസ്സുകളിലും 500 രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്നു മനസ്സിലാക്കിയതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതു നിര്‍ത്തിവച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നു കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും ഓടാത്തതും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതും കാരണം യാത്രക്കാര്‍ കുറവാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതു കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നു കണ്ടതോടെയാണ് രണ്ടു ഡിപ്പോകളും കൂടുതല്‍ സര്‍വീസുകള്‍ നടത്താതിരുന്നത്. മാനന്തവാടി ഡിപ്പോയില്‍ ശരാശരി പ്രതിദിന വരുമാനം 11 ലക്ഷം രൂപയാണ്. എന്നാല്‍, ഇതിന്റെ പകുതി പോലും വരുമാനം ഇന്നലെ ലഭിച്ചില്ലെന്നാണ് സൂചന.
ഡീസല്‍ ചെലവിനു പോലും വരുമാനമില്ലാതെയാണ് സര്‍വീസുകള്‍ നടത്തിയത്. മാനന്തവാടി ടൗണില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സികളും സര്‍വീസ് നടത്തിയിട്ടില്ല. ദൂരദിക്കുകളില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളുമില്ലാത്തിനാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്.
Next Story

RELATED STORIES

Share it