കെഎസ്ആര്‍ടിസിക്ക് ഇനി സ്വകാര്യ ചികില്‍സയും നല്‍കാം

കണ്ണൂര്‍: ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴിയില്‍ നിന്നുപോയാല്‍ സ്വകാര്യ വര്‍ക്ക്‌ഷോപ്പുകളെ ആശ്രയിക്കാമെന്ന് നിര്‍ദേശം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി യാത്രക്കാരെ വഴിയില്‍ കിടത്തുന്നത് പതിവായ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേസമയം ആശ്വാസമാവുന്ന തീരുമാനം കോര്‍പറേഷന്‍ കൈക്കൊണ്ടത്.
നിലവില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴിയില്‍ കിടന്നാല്‍ സമീപത്തെ ഡിപ്പോയില്‍നിന്ന് മെക്കാനിക്കെത്തി നന്നാക്കിയാണ് യാത്ര തുടരുന്നത്. എന്നാല്‍, സമീപപ്രദേശത്തൊന്നും ഡിപ്പോയൊന്നുമില്ലാത്ത റോഡുകളില്‍ പലവിധ കാരണങ്ങള്‍കൊണ്ടും നിന്നുപോവുന്ന കെസ്ആര്‍ടിസിയുടെ യാത്ര പിന്നെ മണിക്കൂറുകള്‍ കഴിഞ്ഞാണ് തുടരാന്‍ കഴിയുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ഡിപ്പോവണ്ടിയെത്തി കേടുപാട് പരിഹരിച്ച് യാത്ര പുനരാരംഭിക്കുമ്പോഴേക്കും മണിക്കൂറുകള്‍ പലതും കഴിയും.സകുടുംബം യാത്രചെയ്യുന്നവരാണ് ഇങ്ങനെ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിവരിക. ഇത്തരം ദുരിതങ്ങള്‍ ഒഴിവാക്കാനാണ് സമീപത്തുതന്നെയുള്ള സ്വകാര്യ വര്‍ക്ക്‌ഷോപ്പുകളെ ആശ്രയിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്റ്റെപ്പിനി, ജാക്ക്‌ലിവര്‍, വീല്‍സ്പാനല്‍ തുടങ്ങിയ ഉപകരണങ്ങള്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളില്‍തന്നെ കരുതലായി വയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വര്‍ക്‌സ് മാനേജര്‍മാര്‍ (മെയിന്റനന്‍സ്) പരിശോധിക്കണമെന്നും മെമ്മോയില്‍ പറയുന്നു.
Next Story

RELATED STORIES

Share it