Flash News

കെഎഫ്‌സി ചെറുകിട ഇടത്തരം വ്യവസായങ്ങളെ അവഗണിച്ചു ; ബാര്‍ ഹോട്ടലുകള്‍ക്ക് വായ്പ നല്‍കിയത് സെക്യൂരിറ്റിയില്ലാതെ



എന്‍   എ   ശിഹാബ്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) ചെറുകിട-ഇടത്തരം വ്യവസായത്തെ അവഗണിച്ചെന്ന് സിഎജി വിമര്‍ശനം. ആക്ട് അനുസരിച്ച് ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉന്നമനം മാത്രമാണ് കെഎഫ്‌സിയുടെ പ്രവര്‍ത്തനമേഖല. എന്നാല്‍, ലക്ഷ്യം നിറവേറ്റുന്നതില്‍ കെഎഫ്‌സി പരാജയമാണെന്നും എംഎസ്എംഇകള്‍ക്ക് മൂലധനവും സാമ്പത്തിക സഹായവും നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സിഎജി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചുരുങ്ങിയ എണ്ണം എംഎസ്എംഇകള്‍ക്ക് മാത്രമാണ് കെഎഫ്‌സി ധനസഹായം അനുവദിച്ചത്.  1951ലെ ആക്ട് അനുസരിച്ച് 10കോടി വരെ മുതല്‍മുടക്കുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാമ്പത്തികസഹായം നല്‍കാവൂ. എന്നാല്‍, ഇത് മറികടന്ന്് 10 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള 119 സ്ഥാപനങ്ങള്‍ക്ക് 833.19 കോടി രൂപ വായ്പ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു. 2011-12 മുതല്‍ 2015- 16 വരെ കെഎഫ്‌സി 5268 പേര്‍ക്ക് 4163.46 കോടി വായ്പ നല്‍കിയതില്‍ 1248.01 കോടി നല്‍കിയത് എംഎസ്എംഇകള്‍ അല്ലാത്ത സ്ഥാപനങ്ങള്‍ക്കായിരുന്നു. 2011- 12 മുതല്‍ 2015- 16 വരെയുള്ള കാലയളവില്‍ മതിയായ സെക്യൂരിറ്റിയില്ലാതെ 1972 റസ്റ്റോറന്റ് ആന്റ് ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കായി 1796. 31 കോടി രൂപ വായ്പ നല്‍കി. ഇതില്‍ ബാര്‍ ഹോട്ടലുകള്‍ക്ക് 570 കോടി രൂപയുടെ വായ്പ നല്‍കിയിരുന്നു. 2015ല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയതോടെ ഈ വായ്പകള്‍ കിട്ടാക്കടമായി മാറി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനുവേണ്ടി തയ്യാറാക്കിയ കേരള സംരംഭ വികസന റിപോര്‍ട്ട് 2016 പ്രകാരം സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ 0.80 ശതമാനം മാത്രമാണ് കെഎഫ്‌സിയെ ആശ്രയിച്ചത്. ഉയര്‍ന്ന പലിശനിരക്കാണ് ചെറുകിട വ്യവസായ സംരഭങ്ങളെ കെഎഫ്‌സിയില്‍ നിന്നകറ്റുന്നതെന്നും സിഎജി ആക്ഷേപം ഉന്നയിക്കുന്നു.കെഎഫ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മറുപടിയും സ്വീകാര്യമല്ലെന്ന് കാണിച്ച് സിഎജി മടക്കി. കെഎഫ്‌സിയുടെ പലിശനിരക്ക് അവര്‍ എടുക്കുന്ന വായ്പകളുടെ പലിശ നിരക്കിനെ ആശ്രയിച്ചാണെന്നായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്.
Next Story

RELATED STORIES

Share it