Flash News

കെഎന്‍എം സാമൂഹികക്ഷേമ സെക്രട്ടറി രാജിനല്‍കി



മലപ്പുറം: മുജാഹിദ് ഐക്യത്തില്‍ വീണ്ടും വിള്ളല്‍ പ്രകടമാക്കി അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ കെഎന്‍എം സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി സ്ഥാനം രാജിവച്ചു. ജൂണ്‍ 12ന് കോഴിക്കോട്ട് ചേര്‍ന്ന കെഎന്‍എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അവസാനത്തിലാണ് സംസ്ഥാന പ്രസിഡന്റ് ടി—പി അബ്ദുള്ള കോയ മദനിക്ക് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കുകയോ അതേക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുകയോ ഉണ്ടായിട്ടില്ല. സിഹ്‌റ് വിഷയത്തില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. മുജാഹിദ് ഐക്യ ചര്‍ച്ചയില്‍ മടവൂര്‍ വിഭാഗത്തിനായി പങ്കെടുത്ത അഞ്ച് നേതാക്കളില്‍ പ്രധാനിയായിരുന്നു അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍. ഐക്യത്തില്‍ വഞ്ചനയും അശാസ്ത്രീയ നിലപാടുകളും ഉണ്ടായി എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇരു വിഭാഗത്തിലുംപെട്ട ചിലര്‍ സംഘടനയില്‍ ശക്തമായിരുന്നു.സിഹ്‌റ് (മാരണം) ഫലിക്കുമോ ഇല്ലെയോ എന്ന പ്രധാന പ്രശ്‌നമാണ് മുജാഹിദ് ഐക്യത്തില്‍ കല്ലുകടിയായി ഇപ്പോഴും നില്‍ക്കുന്നത്. ഈ വിഷയത്തില്‍ പൊതുചര്‍ച്ച പാടില്ലെന്നും പണ്ഡിതസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും വരെ ആരും അഭിപ്രായം പറയരുതെന്നുമായിരുന്നു ഐക്യ സമയത്തെ തീരുമാനം. ഇതിനു വിരുദ്ധമായി കെ—എന്‍എം ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതോടെയാണ് അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്തു വന്നത്. ലേഖന കര്‍ത്താക്കളിലൊരാളും കെഎന്‍എം സംഘടനാ സെക്രട്ടറിയുമായിരുന്ന എ അസ്‌കറലി ഇതിന്റെ പേരില്‍ രാജിവച്ചെങ്കിലും പിന്നീട് നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചു. കഴിഞ്ഞ മെയ് 23ന് പണ്ഡിതസഭയായ കേരളാ ജംഇയ്യത്തുല്‍ഉലമ യോഗം ചേര്‍ന്ന് സിഹ്‌റ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിരുന്നു. കാര്യ കാരണ ബന്ധത്തിനപ്പുറം സിഹ്‌റ് പ്രതിഫലനമുണ്ട് എന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണ്. കാര്യ കാരണ ബന്ധം അവ്യക്തമായ നിലയ്ക്ക് സിഹ്‌റിന് പ്രതിഫലനം ഉണ്ട് എന്ന വിശ്വാസം ശിര്‍ക്കല്ല. സിഹ്‌റ് എന്നത് വസ്തുതയാണ്. എങ്കിലും സിഹ്‌റ് പ്രബോധന വിഷയമാക്കരുത്. അഹ്‌ലുസുന്ന പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ശിര്‍ക്കിന് പ്രതിഫലനമുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത് എന്നിങ്ങനെയായിരുന്നു പണ്ഡിതസഭയുടെ നിലപാട്. ഇത് അവ്യക്തമാണെന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും പറഞ്ഞ് അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കലും അലി മദനി മൊറയൂരും ഈ രേഖയില്‍ ഒപ്പ് വച്ചിരുന്നില്ല. തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിയിലെത്തിച്ചത്. രാജി കാര്യത്തില്‍ കെഎന്‍—എം നേതൃത്വവും പ്രതികരണത്തിന് തയ്യാറായിട്ടില്ല. കെഎന്‍എം, മടവൂര്‍ വിഭാഗങ്ങളുടെ ഐക്യത്തില്‍ കാതലായ വിള്ളല്‍ സംഭവിച്ചതായാണ് കരിമ്പുലാക്കലിന്റെ രാജി വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it