കെഎഎസ്: സംവരണം നല്‍കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) സ്ട്രീം 2, 3 വിഭാഗങ്ങളില്‍ സംവരണസമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്.
സര്‍ക്കാര്‍ രൂപീകരിച്ച കെഎഎസില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു തിരഞ്ഞെടുക്കുന്ന സ്ട്രീം 2, 3 വിഭാഗങ്ങളില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള സംവരണം നിഷേധിക്കുന്നുവെന്നാരോപിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെഎഎസില്‍ സ്ട്രീം ഒന്ന് വിഭാഗത്തില്‍ നേരിട്ടുള്ള നിയമനമാണെന്നും അതില്‍ സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ സ്ട്രീം 2, 3 വിഭാഗങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ സംവരണ സമുദായങ്ങള്‍ക്ക് ഒരുതവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും വീണ്ടും സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനു വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി പരിശോധിച്ച കമ്മീഷന്‍ സര്‍ക്കാരിന്റെ ഇരട്ട സംവരണമെന്ന നിലപാട് അംഗീകരിച്ചില്ല. സ്ട്രീം 2, 3 എന്നിവയില്‍ നടത്തുന്നത് പുതിയ നിയമനങ്ങളാണ്. ഈ വിഭാഗങ്ങളില്‍ നേരിട്ടുള്ള നിയമനം നടത്തുകയാണെങ്കില്‍ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കണം. എന്നാല്‍ സ്ട്രീം 2, 3 എന്നിവയില്‍ സംവരണം നല്‍കാതിരിക്കാന്‍ പറയുന്ന കാരണം സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരാണ് മേല്‍പ്പറഞ്ഞ രണ്ടു വിഭാഗങ്ങളിലും അപേക്ഷിക്കുന്നത് എന്നാണ്. സ്ട്രീം 2, 3 എന്നിവയിലേക്കു സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ അപേക്ഷ നല്‍കാതിരിക്കുകയോ അല്ലെങ്കില്‍ സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ സര്‍ക്കാര്‍ ജീവനക്കാര്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ അപേക്ഷിച്ചില്ലെങ്കിലും നിയമനം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ ഈ വിഭാഗങ്ങളിലെ നിയമനങ്ങളില്‍ സംവരണത്തിന്റെ ആനുകൂല്യം കിട്ടേണ്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുകയോ തീരെ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. ഇങ്ങനെ ഒരവസ്ഥ ഉണ്ടായാല്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സംവരണാവകാശം സ്ട്രീം 2, 3 നിയമനങ്ങളില്‍ നിഷേധിക്കപ്പെടും.
ആയതിനാല്‍ ഈ വിഭാഗത്തില്‍ നിയമനം നടത്തുമ്പോള്‍ സംവരണാനുകൂല്യം നല്‍കുന്നതിനുവേണ്ട നടപടി സര്‍ക്കാര്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പികെ ഹനീഫ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it