കെഎഎസ്: നോട്ടിഫിക്കേഷന്‍ രണ്ടുമാസത്തിനകം

തിരുവനന്തപുരം: ചട്ടങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള നോട്ടിഫിക്കേഷന്‍ രണ്ടുമാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. ഐഎഎസ് മാതൃകയിലായിരിക്കും പരീക്ഷ. രണ്ട് ഘട്ടങ്ങളിലെ പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. കെഎഎസ് പരീക്ഷ  പിഎസ്‌സിയിലെ ഉദ്യോഗസ്ഥര്‍ക്ക് എഴുതാനാവില്ലെന്നത് വിവാദമാക്കേണ്ടതില്ല. സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക്‌ലിസ്റ്റ് ഏപ്രില്‍ രണ്ടിന് നിലവില്‍ വരും. ഈമാസം 30നാണ് പഴയ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. അന്നേദിവസം അവധിയായതിനാല്‍ 31ന് അര്‍ധരാത്രിവരെ ലിസ്റ്റിന് പ്രാബല്യമുണ്ടാവും. ഏപ്രില്‍ ഒന്ന് അവധിയായതിനാല്‍ രണ്ടിനു മാത്രമേ പുതിയ ലിസ്റ്റ് നിലവില്‍ വരൂ.
അപേക്ഷിച്ചതിനുശേഷം പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പരീക്ഷയ്ക്ക് തയ്യാറാണോയെന്ന് ഉദ്യോഗാര്‍ഥി അറിയിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥി തന്റെ താല്‍പര്യം ഓണ്‍ലൈനിലൂടെ അറിയിക്കാന്‍ നിശ്ചിത ദിവസത്തെ സമയം നല്‍കും. അതിനുള്ളില്‍ അറിയിക്കുന്നവര്‍ക്ക് പരീക്ഷാ ദിവസം വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് സന്നദ്ധത അറിയിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it