കെഎഎസ് നിയമനങ്ങളില്‍ സംവരണം: സര്‍ക്കാര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കപ്പെടുന്നില്ലെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
കെഎഎസില്‍ മൂന്നു വിഭാഗങ്ങളിലാണു നിയമനം. ഇതില്‍ നേരിട്ടുള്ള നിയമനം ഒഴികെ മറ്റു രണ്ടു വിഭാഗങ്ങളിലും സംവരണമില്ല. ഇതു സംവരണ തത്ത്വങ്ങളുടെ ലംഘനമെന്ന പരാതിയിലാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കെഎഎസിലേക്കുള്ള നിയമനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളായ പിഎസ്‌സി, നിയമസഭാ സെക്രട്ടേറിയറ്റ് ഓഫിസുകളിലെ ജീവനക്കാരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഭേദഗതിയും നിയമസഭ പാസാക്കി.
കെഎഎസിലെ രണ്ടും മൂന്നും  സ്ട്രീമുകളിലേക്കുള്ള നിയമനം പ്രമോഷന്‍ വഴിയല്ല, ഇവിടെ  പുതിയ കാഡറുണ്ടാക്കുകയാണു ചെയ്യുന്നതെന്ന് ചട്ടഭേദഗതി അവതരിപ്പിച്ച് എന്‍ ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും സ്ട്രീമുകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം നല്‍കില്ലെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. 150 പേര്‍ കെഎഎസിലേക്ക് എത്തുമ്പോള്‍ 75 പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കേണ്ടതുണ്ട്.
എന്നാല്‍ നിലവിലെ അവസ്ഥയില്‍ 25 പേര്‍ മാത്രമാണ് സംവരണത്തിലൂടെ വരികയെന്നും ഷംസുദീന്‍ പറഞ്ഞു. കെഎഎസ് നടപ്പാക്കുന്നതില്‍ ഉേദ്യാഗസ്ഥരില്‍ ഒരു വിഭാഗത്തിന് നീരസമുണ്ട്. ഇത് ചട്ടരൂപവല്‍ക്കരണത്തെ ബാധിച്ചുവെന്ന് എം ഉമ്മര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it