Kollam Local

കെഎംഎംഎല്‍ അപകടം : സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം കൈമാറി



ചവറ: കെഎംഎംഎല്‍ ഇരുമ്പ് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട കമ്പനി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കൈമാറി. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ വീടുകളില്‍ നേരിട്ടെത്തിയാണ് മരണപ്പെട്ടവരുടെ മക്കള്‍ക്ക് ധന സഹായ തുകയടങ്ങിയ ചെക്ക് കൈമാറിയത്. 10 ലക്ഷം രൂപയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 30നായിരുന്നു കെഎംഎംഎല്‍ എംഎസ് പ്ലാന്റില്‍ ടിഎസ് കനാലിന് കുറുകെയുള്ള ഇരുമ്പ് നടപ്പാലം തകര്‍ന്ന് വീണത്. അപകടത്തില്‍ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് മുന്നില്‍ സമരം ചെയ്ത കരാര്‍ തൊഴിലാളി കുടുംബങ്ങളും ജീവനക്കാരും മറുകര കടക്കുന്നതിനായി ഒരേ സമയം പാലത്തില്‍ കയറിയതോടെയാണ് പാലം ചുവട് വെച്ച് ഒടിഞ്ഞ് വെള്ളത്തിലേക്ക് വീണത്. 16 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ദുരന്തത്തില്‍  മരിച്ച പന്മന മേക്കാട് ഫിലോമിന മന്ദിരത്തില്‍  ആഞ്ജലീന, സമീപവാസി  ജി ജി വിന്‍ വില്ലയില്‍ അന്നമ്മ, പന്മന കൊല്ലക കൈരളിയില്‍ ശ്യാമളാ ദേവി എന്നിവരുടെ വീടുകളിലെത്തിയാണ് തുകയടങ്ങിയ ചെക്ക് നല്‍കിയത്.  കെ സോമപ്രസാദ് എംപി,  എംഎല്‍എമാരായ എന്‍ വിജയന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ ,കെഎംഎംഎല്‍ എംഡി റോയി കുര്യന്‍, ജനറല്‍ മാനേജര്‍ അജയകൃഷ്ണന്‍, എംഎസ് പ്ലാന്റ് യൂനിറ്റ് ഹെഡ് രാഘവന്‍, ജില്ലാ പഞ്ചായത്തംഗം എസ് ശോഭ,  പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it